Sat. Apr 20th, 2024
കൊടുമൺ:

വിസ്മൃതിയിലാണ്ട കാക്കാരിശ്ശി നാടകത്തിന് പുതിയ രൂപവും ഭാവവും നൽകി അരങ്ങിലെത്തിക്കുകയാണ് നടനും നാടകകൃത്തുമായ വള്ളിക്കോട് എം എസ് മധു എന്ന കലാകാരൻ. മുപ്പത്‌ വർഷമായി കാക്കാരിശ്ശി നാടകത്തിൽ അഭിനയിക്കുന്ന അദ്ദേഹം നാടകത്തിന്റെ വേഷവിധാനങ്ങളിലോ ഘടനയിലോ കാര്യമായ മാറ്റങ്ങൾ വരുത്താതെ പുതിയ കാലത്തിന്റെ കലാരൂപമായി കാക്കാരിശ്ശിയെ മാറ്റി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്.

ഫ്യൂഡൽ കാലഘട്ടത്തിൽ രൂപംകൊണ്ട് വളർന്ന കലാരൂപമാണെങ്കിലും അതിന് ഏറെ ജനപ്രീതി ലഭിച്ചത് സാധാരണക്കാരുടെ ഇടയിലാണ്. തമ്പ്രാനും കാക്കാനും കാക്കാത്തിമാരും ലാടനുമൊക്കെയാണ് ഇതിലെ കഥാപാത്രങ്ങൾ. ഓട്ടംതുള്ളൽ, ചവിട്ടുനാടകം, കഥകളി സംഗീതം, തിരുവാതിര, നൃത്തം തുടങ്ങിയ കലകളെല്ലാം കാക്കാരിശ്ശിയിലുണ്ട്.

കാക്കാനും തമ്പ്രാനും കേന്ദ്രകഥാപാത്രങ്ങൾ ആണെങ്കിലും തമ്പ്രാൻ വേദിയിൽ എത്തുന്നില്ലെന്ന പ്രത്യേകതയുണ്ടായിരുന്നു. തമ്പ്രാൻ പിന്നണി പാട്ടുകാരനും അഭിനേതാവുമാണ്. അധ:സ്ഥിത കഥാപാത്രങ്ങൾ ആയതു കൊണ്ടായിരിക്കാം കാക്കാനോടും കാക്കാത്തിമാരോടുമൊപ്പം തമ്പ്രാൻ വേദി പങ്കിടാത്തത്.

കാലാനുസൃതമായ ഈ കീഴ്‌‌വഴക്കത്തെ ലംഘിച്ച്‌ തമ്പ്രാനെ വേദിയിലെ സജീവ കഥാപാത്രമാക്കി മാറ്റിയെഴുതി. പഴയ ചില കഥാപാത്രങ്ങളെ ഒഴിവാക്കിയും പുതിയ കഥാപാത്രങ്ങളെ രംഗത്ത് കൊണ്ടുവന്നും പുതിയ കാലത്തിന്റെ കൂടി കലാരൂപമായി കാക്കാരിശ്ശിയെ മാറ്റിയെടുത്തു. കഥാപാത്രസൃഷ്ടിയിലുണ്ടായ മാറ്റത്തിനനുസൃതമായി കഥയിലും പൊളിച്ചെഴുത്ത്‌ നടത്തി. പുരാണേതിഹാസങ്ങളുടെ കഥകൾക്ക് പകരം സാമൂഹ്യ വിഷയങ്ങളെ മുഖ്യ പ്രമേയങ്ങളാക്കി.

“ജാതി വിവേചനം ഇപ്പോഴുണ്ടോ, ഇല്ല. പക്ഷെ വരും. തിരിച്ചു വരും, എല്ലാം തിരിച്ചു വരുന്ന കാലമല്ലേ. ചടുലമായ സംഭാഷണങ്ങളിലൂടെ സാമൂഹ്യ വിമർശനത്തിന്റെ പാത തുറന്നിടുന്നതാണ് പുതിയ കാക്കാരിശ്ശി. വിവിധ വിഷയങ്ങളെ ഉൾക്കാഴ്ചയോടെ വിലയിരുത്തുന്ന കാക്കാരിശ്ശി നാടകങ്ങൾ ഏറെ ശ്രദ്ധേയങ്ങളാണ്.

വള്ളിക്കോട് തെരുവരങ്ങ് എന്ന കാക്കാരിശ്ശിനാടക സമിതിയിലെ നടനാണ് മധു. അതിൽ നിന്ന് ലഭിച്ച അനുഭവസമ്പത്താണ് നാടക പരിഷ്കരണത്തിന് പ്രേരണയായതെന്ന് അദ്ദേഹം പറയുന്നു. കാക്കാരിശ്ശി നാടകങ്ങൾ കൂടാതെ വാസ്തുവിദ്യ എന്ന നാടകവും സുഹൃത്ത് ശ്രീകാന്തുമായി ചേർന്ന് നൂറ്റാണ്ടുകളിലൂടെ രസതന്ത്രം എന്ന ബാലസാഹിത്യ കൃതിയും രചിച്ചിട്ടുണ്ട്. മുളക്കഴ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ ചരിത്രാധ്യാപകനാണ്.

By Divya