Fri. Nov 22nd, 2024

ഷൊർണൂർ ∙

ദീർഘദൂര ട്രെയിനുകളിൽ കുറഞ്ഞ നിരക്കിൽ എസി യാത്രയ്ക്ക് സൗകര്യമൊരുക്കി 3 ഇ എന്ന പേരിൽ പുതിയ കോച്ചുകൾ വരുന്നു. എസി ത്രീ ടയർ കോച്ചുകൾക്കും നോൺ എസി സ്ലീപ്പർ ക്ലാസ് കോച്ചുകൾക്കും മധ്യേയാണ് പുതിയ ത്രീ ഇ ഇക്കോണമി കോച്ചിന്റെ പദവി. മികച്ച വായുശുദ്ധീകരണ സൗകര്യം, മടക്കി വയ്ക്കാവുന്ന ഭക്ഷണമേശ, ചാർജിങ് പോയിന്റുകൾ, പ്രകാശ സംവിധാനം എന്നിവ പുതിയ കോച്ചുകളിലുണ്ടാകും.

സ്ലീപ്പർ യാത്രക്കാരെ എസിയിലേക്ക് ആകർഷിക്കും വിധമായിരിക്കും യാത്രാനിരക്ക് നിശ്ചയിക്കുക. ത്രീ ടയർ എസി കോച്ചുകളുടെ മാതൃകയിൽ തന്നെ ഒരു കോച്ചിൽ 83 ബർത്തുകളുണ്ടാകും. അതേസമയം, നോൺ എസി സ്ലീപ്പർ ക്ലാസിൽ 72 ബർത്തുകളാണുള്ളത്.

മുൻപു ഗരീബ്‌രഥ് ട്രെയിനുകളിൽ എസി ഇക്കോണമി കോച്ചുകൾ ഏർപ്പെടുത്തിയെങ്കിലും പരാജയപ്പെട്ടു. സ്ഥലപരിമിതി ഉൾപ്പെടെയുള്ള അസൗകര്യങ്ങൾ മൂലം യാത്രക്കാർ കയ്യൊഴിഞ്ഞതാണു കാരണം.

യാത്രക്കാർ തന്നെ ചൂണ്ടിക്കാട്ടിയ ന്യൂനതകൾ കൂടി പരിഹരിച്ചു കപൂർത്തല റെയിൽ കോച്ച് ഫാക്ടറി രൂപകൽപ്പന ചെയ്തവയാണ് പുതിയ 3ഇ കോച്ചുകൾ. അതേസമയം, ഭാവിയിൽ നോൺ എസി സ്ലീപ്പർ ഒഴിവാക്കുന്നതിനുള്ള പരിഷ്കാരമാണിതെന്നു പറയപ്പെടുന്നു. കപൂർത്തല ആർസിഎഫിൽ നിന്ന് കൂടുതൽ കോച്ചുകൾ എത്തുന്ന മുറയ്ക്ക് ദീർഘദൂര ട്രെയിനുകളിലെല്ലാം പുതിയ 3ഇ കോച്ചുകൾ വരും.

By Rathi N