Sat. Apr 27th, 2024

തിരൂരങ്ങാടി:

അധിനിവേശവിരുദ്ധ പോരാട്ട സ്മരണകൾ ഉൾക്കൊള്ളുന്ന ചെമ്മാട്ടെ ഹജൂർ കച്ചേരി കെട്ടിടസമുച്ചയം വരുന്ന മാർച്ചിനകം  ജില്ലാ പൈതൃക മ്യൂസിയമാക്കി പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ഹജൂർ കച്ചേരി കെട്ടിടത്തിന്റെ നവീകരണ പ്രവൃത്തി വിലയിരുത്താൻ തിരൂരങ്ങാടിയിൽ എത്തിയതായിരുന്നു അദ്ദേഹം. കാലതാമസം ഒഴിവാക്കാൻ നവീകരണ പ്രവൃത്തി നടക്കുമ്പോള്‍തന്നെ ജില്ലാ പൈതൃക മ്യൂസിയത്തിന്റെ ഡിപിആർ തയ്യാറാക്കുന്ന പ്രവൃത്തിയും നടക്കും.

കേരള മ്യൂസിയത്തിന് ഇതിനുള്ള  നിർദേശം നൽകിക്കഴിഞ്ഞു.ജില്ലയിലെ സ്വാതന്ത്ര്യ സമര പൈതൃകങ്ങളെ വരും തലമുറക്ക് പഠിക്കാനുതകുന്ന വിധത്തിലാകും തിരൂരങ്ങാടിയിലെ പൈതൃക മ്യൂസിയം പ്രവർത്തിക്കുക. നവീകരണ പ്രവൃത്തിക്ക് 58 ലക്ഷം രൂപ  വകയിരുത്തി. കൊവിഡ് പ്രതിസന്ധിയിൽ നവീകരണ പ്രവർത്തനം നിലയ്ക്കുകയായിരുന്നു. 

കെ പി എ മജീദ് എംഎൽഎ, നഗരസഭാ ചെയർമാൻ കെ പി മുഹമ്മദ്കുട്ടി, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം വി പി സോമസുന്ദരൻ,  ഐഎൻഎൽ ജില്ലാ പ്രസിഡന്റ് സമദ് തയ്യിൽ,  കുഞ്ഞാവുട്ടി കാദർ, ടി സൈതുമുഹമ്മദ്, അഡ്വ സി ഇബ്രാഹീംകുട്ടി, പുരാവസ്തു വകുപ്പിലെ  ഉദ്യോഗസ്ഥര്‍ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായി.