Wed. Nov 6th, 2024

കൊച്ചി:

കിറ്റെക്സ് വിവാദത്തെ തുടർന്ന് സംസ്ഥാനത്തെ വ്യവസായ സൗഹൃദ അന്തരീക്ഷം ചർച്ചയായതോടെ സംരംഭകരെ നേരിട്ട് കേൾക്കാൻ വ്യവസായ മന്ത്രി. എല്ലാ ജില്ലകളിലും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പരിപാടിയുടെ ആദ്യ ഘട്ടത്തിന് ഇന്ന് എറണാകുളം ജില്ലയിൽ തുടക്കമാകും. സംസ്ഥാനത്തെ വ്യവസായികളുമായി ചേർന്നാണ് നാട്ടിലേക്ക് ഉത്തരവാദിത്തതോടെ നിക്ഷേപം കൊണ്ട് വരാൻ ശ്രമമെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി.

കിറ്റെക്സ് വിവാദ൦ ദേശീയതലത്തിൽ തന്നെ ച൪ച്ചയായതോടെ വ്യവസായ നിക്ഷേപ പദ്ധതികളുടെ ചർച്ചകൾ ഊ൪ജ്ജിതമാക്കുകയാണ് സ൦സ്ഥാന സർക്കാർ. കഴിഞ്ഞ ദിവസങ്ങളിലായി ഫിക്കി,സിഐഐ, എംഎസ്എംഇ തുടങ്ങിയ സംരംഭക സ൦ഘടനകളെ വ്യവസായ മന്ത്രി നേരിൽ കണ്ട് ച൪ച്ച നടത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കൂടിയാണ് വ്യവസായ സംരംഭകർക്ക് നേരിട്ട് പരാതി അറിയിക്കാനും, ആവശ്യങ്ങൾ പറയാനും വ്യവസായ വകുപ്പ് അവസരമൊരുക്കുന്നത്.

മീറ്റ് ദി മിനിസ്റ്റർ എന്ന് പേരിട്ടിരിക്കുന്ന പരിപാടി കുസാറ്റ് ക്യാംപസിൽ വെച്ചാണ് നടക്കുക. മുൻകൂറായി പരാതി ഓൺലൈനിലൂടെ നൽകിയവർക്ക് മന്ത്രിയെ നേരിട്ട് കാണാൻ അവസരമുണ്ടാകും. പതിനാറാം തിയതി തിരുവനന്തപുരത്തും, 19ന് കോട്ടയത്തും പരിപാടി നടത്തും. മേഖലകളിലാക്കി തിരിച്ച് ഐഎഎസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയാണ് പരിപാടിയെ തുടർന്നുള്ള നടപടികൾ ജില്ല തലത്തിൽ ഉറപ്പാക്കുക.

താഴെത്തട്ടിലുണ്ടാകുന്ന മെല്ലപ്പോക്കും, പ്രശ്നങ്ങളും പരിഹരിക്കുന്നതിന് കൂടിയാണ് ഓരോ ജില്ലക്കും പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ച് പദ്ധതികൾ ഏകോപിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ജില്ല വ്യവസായ കേന്ദ്രങ്ങളിലേക്കെത്തുന്ന പരാതികൾക്ക് അടിയന്തരമായി പരിഹാരം കാണണമെന്നും നിർദ്ദേശമുണ്ട്.

സംസ്ഥാനത്ത് നിന്ന് 3500 കോടി രൂപയുടെ നിക്ഷേപം പിൻവലിക്കുമെന്ന കിറ്റെക്സ് പ്രഖ്യാപനത്തെ ആദ്യം മുതൽ കരുതലോടെയാണ് സംസ്ഥാന സർക്കാർ നേരിട്ടത്. ചെറുകിട ഇടത്തരം വൻകിട സംരംഭകർക്ക് പരമാവധി പിന്തുണ നൽകി കിറ്റെക്സ് കമ്പനിയുടെ ആരോപണങ്ങളുടെ മുന ഒടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് വ്യവസായ വകുപ്പിന്‍റെ പ്രവർത്തനങ്ങൾ.

By Rathi N