ഹരിപ്പാട്:
പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഹരിപ്പാട് കരിപ്പുഴയിൽ പുതുക്കിപ്പണിത കൊച്ചുപാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പിഡബ്ല്യുഡി ഫോർ യു ആപ്ലിക്കേഷനിൽ 7500 പരാതികളാണ് ഇതുവരെ പൊതുജനങ്ങളിൽനിന്ന് ലഭിച്ചത്.
വകുപ്പിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച ചർച്ചയ്‌ക്കായി ജനപ്രതിനിധികളുടെ യോഗം ഉടൻ ചേരും. പൈപ്പ് ലൈനിന്റെ അറ്റകുറ്റപ്പണികൾക്ക് റോഡ് പൊളിക്കുന്നത് ഒഴിവാക്കാൻ വകുപ്പുകളെ ഏകോപിപ്പിച്ച് പോർട്ടൽ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. കരിപ്പുഴ കൊച്ചുപാലം 4.16 കോടി രൂപ ചെലവഴിച്ചാണ് പുനർനിർമിച്ചത്.
എട്ട് മാസം കൊണ്ടാണ് പഴയ പാലം പൊളിച്ചുനീക്കി പുതിയത് നിർമിച്ചത്. രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷനായി. എ എം ആരിഫ് എംപി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി, പൊതുമരാമത്ത് പാലം വിഭാഗം സൂപ്രണ്ടിങ് എൻജിനിയർ പി ആർ മഞ്‌ജുഷ, എക്‌സിക്യൂട്ടീവ് എൻജിനിയർ ഡോ എ സിനി എന്നിവർ പങ്കെടുത്തു.