Sat. Nov 16th, 2024
പാരിപ്പളളി:

ബി ജെ പി ഭരിക്കുന്ന കല്ലുവാതുക്കൽ പഞ്ചായത്തിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ കോൺഗ്രസ്. കഴിഞ്ഞ ഭരണസമിതിയുടെ ഒമ്പത് മാസത്തെ കണക്കുകൾ പാസാക്കുന്നതിന്​ അവതരിപ്പിച്ച ധനകാര്യപത്രികക്കെതിരെ ഭരണകക്ഷി അംഗം എതിർപ്പ് പ്രകടിപ്പിക്കുകയും പത്രിക പാസാക്കാൻ കഴിയാതെ വരുകയും ചെയ്​ത സാഹചര്യത്തിലാണിത്. കണക്കുകളിൽ അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഭരണകക്ഷി അംഗം ബൈജു ലക്ഷ്​മണൻ വിയോജിപ്പ് പ്രകടിപ്പിച്ചത്.

കോവിഡ് പരിചരണത്തിനായി ചെലവഴിച്ച 18 ലക്ഷം രൂപയുടെ വിനിയോഗത്തിലും ക്രമക്കേടുണ്ടെന്നും ഇതിൽ അന്വേഷണം വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. 23 അംഗങ്ങലുള്ള പഞ്ചായത്ത്‌ കമ്മിറ്റിയിൽ ഭരണകക്ഷിയായ ബി ജെ പിക്ക് ഒമ്പതും കോൺഗ്രസിന് എട്ടും അംഗങ്ങളാണുള്ളത്. സി പി എം, സി പി ഐ കക്ഷികൾക്ക് മൂന്നു വീതം അംഗങ്ങളാണുള്ളത്.

ഒരംഗത്തിൻെറ വ്യത്യാസമാണ് ബി ജെ പിയും കോൺഗ്രസും തമ്മിലുള്ളത്. അതിനാൽ, അവിശ്വാസ പ്രമേയ നീക്കത്തിന് പ്രാധാന്യം ഏറുന്നു. ഇടതു പക്ഷത്തി​ൻെറ സഹകരണം കിട്ടുമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം കണക്കു കൂട്ടുന്നുണ്ട്.

എന്നാൽ, കോൺഗ്രസ് ഉയർത്തുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഭരണപക്ഷം വ്യക്തമാക്കുന്നു. പഞ്ചായത്ത് കമ്മിറ്റിയിൽ ബി ജെ പി അംഗങ്ങൾ തമ്മിൽ ഭിന്നതയുണ്ടായെന്നുള്ള പ്രചാരണം തെറ്റിദ്ധാരണാജനകമാണെന്ന് പഞ്ചായത്ത്‌ വൈസ് പ്രസിഡൻറും ധനകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാനുമായ സത്യപാൽ പറഞ്ഞു.

By Divya