Sun. Dec 22nd, 2024
കൊല്ലം:

വൃക്കരോഗികൾക്ക്‌‌ താങ്ങും തണലുമായി ജില്ലാ പഞ്ചായത്തിന്റെ ജീവനം പദ്ധതി. എപിഎൽ, ബിപിഎൽ ഭേദമെന്യേ സൗജന്യ ഡയാലിസിസ്‌, കുറഞ്ഞ നിരക്കിൽ മരുന്നും ചികിത്സയും ലഭ്യമാക്കൽ, അഞ്ചുലക്ഷം രൂപവരെ വാർഷിക വരുമാനമുള്ള വൃക്ക സ്വീകരിച്ചവർക്ക്‌ ഒരുലക്ഷം സാമ്പത്തിക സഹായം, വൃക്ക സംബന്ധമായ അസുഖങ്ങൾ തടയുന്നതിനാവശ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിക്കുക മുതലായവയാണ്‌ ജീവനം പദ്ധതിയിലൂടെ ജില്ലാപഞ്ചായത്ത്‌ ലക്ഷ്യമിടുന്നത്‌. 2021 ജനുവരി ഒന്നിനുശേഷം വൃക്ക സ്വീകരിച്ചവർക്കാണ്‌ ഒരുലക്ഷം രൂപ സഹായം നൽകുന്നത്‌.

ജില്ലാ ആശുപത്രിയിൽ നിലവിൽ 20 ഡയാലിസിസ്‌ യൂണിറ്റുകളാണുള്ളത്‌. മൂന്നു ഷിഫ്‌റ്റുകളിലായി 60 പേർക്ക്‌ സൗജന്യ ഡയാലിസിസ്‌ നൽകുന്നുണ്ട്‌. 10 ഡയാലിസിസ്‌ യൂണിറ്റുകൾ കൂടി കൂട്ടിച്ചേർത്ത്‌ നാല്‌ ഷിഫ്‌റ്റുകളിലായി 120 പേർക്ക്‌ ദിവസേന ഡയാലിസിസ്‌ ചെയ്യുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്‌.

അത്യാഹിതവിഭാഗം സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ നാലാമത്തെ നിലയിലാണ്‌ പുതിയ ഡയാലിസിസ്‌ യൂണിറ്റ്‌ സ്ഥാപിച്ചിരിക്കുന്നത്‌. ജില്ലാ ആശുപത്രിക്ക്‌ പുറമെ കടയ്‌ക്കൽ, പുനലൂർ, കരുനാഗപ്പള്ളി, നീണ്ടകര, കൊട്ടാരക്കര, ശാസ്‌താംകേട്ട താലൂക്കാശുപത്രികളിലും ജീവനം കിഡ്‌നി വെൽഫെയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സൗജന്യ ഡയാലിസിസ്‌ നൽകുന്നു. കൂടാതെ നെടുങ്ങോലം രാമറാവു ഹോസ്‌പിറ്റലിൽകൂടി ജീവനം പദ്ധതി വ്യാപിപ്പിക്കും. വൃക്ക സംബന്ധമായ അസുഖങ്ങൾക്കുള്ള മരുന്നുകൾ കുറഞ്ഞ നിരക്കിൽ നൽകുന്നതിന്‌ കൊല്ലം കേന്ദ്രമാക്കി മെഡിക്കൽ സ്‌റ്റോർ ആരംഭിക്കും.

By Divya