Wed. Jan 22nd, 2025

ഗുരുവായൂർ ∙

‘അർജന്റീന കേശവൻ’ എന്ന തന്റെ വിളിപ്പേര് തലയെടുപ്പോടെ ആഘോഷിച്ച് പുത്തമ്പല്ലി ആലത്തി കേശവൻ. ലോകകപ്പ് കാലത്ത് അർജന്റീനയുടെ കൊടിയും വേഷവുമായി ജില്ല മുഴുവൻ കറങ്ങാറുള്ള കേശവന് ഒരു കിരീട വിജയം ആഘോഷിക്കാൻ അവസരം ലഭിക്കുന്നത് ഇതാദ്യം. ഫുട്ബോൾ ഹരമായി മാറിയ കാലം മുതൽ അർജന്റീനയുടെ കടുത്ത ആരാധകനാണ് കേശവൻ.

നീലയും വെള്ളയും വരകളുള്ള സൈക്കിളിലാണ് സഞ്ചാരം. ലോകകപ്പ്, കോപ്പ അമേരിക്ക ടൂർണമെന്റുകളുടെ കാലമായാൽ മുഴുവൻ സമയവും വേഷം അർജന്റീനയുടെ ജഴ്സി. വീടും വാഹനവും കുടയുമെല്ലാം നീല–വെള്ള മയം.

ഇതു കണ്ടു ശീലിച്ച നാട്ടുകാരിട്ട പേരാണ് ‘അർജന്റീന കേശവൻ’. ലോകകപ്പിന്റെ സമയമായാൽ കേശവൻ അർജന്റീനയുടെ കൊടിയും വേഷവുമായി ജില്ല മുഴുവൻ സൈക്കിളിൽ കറങ്ങും. അർജന്റീന തോറ്റാൽ എതിർപക്ഷത്തിന്റെ പരിഹാസവും കേശവൻ നേരിടേണ്ടി വരാറുണ്ട്.

അവർക്കു മുന്നിൽ വിങ്ങിയാണെങ്കിലും കേശവൻ അർജന്റീനയുടെ കൊടി ഒറ്റയ്ക്ക് ഉയർത്തിപ്പിടിക്കും. കോപ്പ അമേരിക്ക ഫൈനൽ വിജയം കേശവൻ ശരിക്കും ആഘോഷിച്ചു. കേശവനെ മാസ്റ്റേഴ്സ് ഗുരുവായൂർ ക്ലബ് ആദരിച്ച് സൈക്കിൾ സമ്മാനമായി നൽകി.

By Rathi N