Sun. Dec 22nd, 2024

കൊച്ചി:

വല്ലാർപാടം റെയിൽപ്പാതയുടെ താൽക്കാലിക ബണ്ട്‌ നിർമിച്ചത്‌ റെയിൽ വികാസ്‌ നിഗം ലിമിറ്റഡ്‌ (ആർവിഎൻഎൽ) ആണെന്ന്‌ റെയിൽവേ ഹൈക്കോടതിക്ക്‌ റിപ്പോർട്ട്‌ നൽകി. റെയിൽവേയ്‌ക്ക്‌ അടിസ്ഥാന സൗകര്യമൊരുക്കാൻ രൂപീകരിച്ച കമ്പനിയാണ്‌ റെയിൽ വികാസ്‌ നിഗം ലിമിറ്റഡ്‌. ബണ്ട്‌ നിർമിച്ചശേഷം ആർവിഎൻഎൽ റെയിൽവേയ്‌ക്ക്‌ കൈമാറുകയായിരുന്നുവെന്നാണ്‌ റിപ്പോർട്ടിലുള്ളത്‌.

ബണ്ട്‌ പൊളിക്കാനും നിർമാണാവശിഷ്ടം നീക്കാനും കൂടുതൽ സമയം ആവശ്യമാണെന്ന നിലപാടിലാണ്‌ റെയിൽവേ. ഇതിന്‌ എത്രസമയം വേണമെന്ന്‌ റിപ്പോർട്ടിൽ പറയുന്നില്ല. ബണ്ട്‌ പൊളിക്കാത്തത്‌ ആലുവമുതൽ കൊച്ചിവരെ വെള്ളപ്പൊക്കമുണ്ടാക്കുമെന്ന ജലവിഭവവകുപ്പ്‌ റിപ്പോർട്ടിനെ തുടർന്നാണ്‌ ഹൈക്കോടതി സ്വമേധയാ കേസിൽ ഇടപെട്ടത്‌.

കലക്ടർക്കും റിപ്പോർട്ടിന്റെ പകർപ്പ്‌ കൈമാറിയിട്ടുണ്ടെന്ന്‌ റെയിൽവേ എറണാകുളം ഏരിയ മാനേജർ നിതിൻ നോർബർട്ട്‌ പറഞ്ഞു. ഹൈക്കോടതി ഉത്തരവുപ്രകാരം തുടർനടപടി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്‌ചയാണ്‌ റിപ്പോർട്ട്‌ കൈമാറിയത്‌.

ബണ്ട്‌ പൊളിക്കുന്നതിനെക്കുറിച്ച്‌ കലക്ടർക്ക്‌ റിപ്പോർട്ട്‌ നൽകാൻ മന്ത്രി പി രാജീവും ജലവിഭവവകുപ്പ്‌ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗവും റെയിൽവേയോട്‌ ആവശ്യപ്പെട്ടിരുന്നു.

By Rathi N