Fri. Apr 26th, 2024

കോഴിക്കോട്:

മിഠായിത്തെരുവിൽ വ്യാപാരികളുടെ പ്രതിഷേധം. എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. വ്യാപാരികളും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. നിയന്ത്രണം ലംഘിച്ച് കട തുറക്കാൻ ശ്രമിച്ച വ്യാപാരികളെ പൊലീസ് നീക്കി.

യുവജന സംഘടനകളും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. 15 ഓളം പേരെ അറസ്റ്റ് ചെയ്തു. കോഴിക്കോട് നഗരം സി കാറ്റഗറിയിലാണ്. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് ഇവിടെ തുറക്കാൻ അനുമതി.

വ്യാപാരികളുടെ പ്രശ്നം ചർച്ച ചെയ്യുമെന്ന് ജില്ലാ കലക്ടർ ഡോ എൻ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. വിഷയം പഠിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമരക്കാരുടേത് പ്രകോപനപരമായ സമീപനമാണെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

ജില്ലയിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കോഴിക്കോട് നഗരത്തിലാണ്. സാഹചര്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് വേണം സമരങ്ങൾ നടത്താൻ. സംഘർഷമല്ല സമവായമാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ അശാസ്ത്രീയമെന്ന് എം കെ മുനീർ എംഎൽഎ പറഞ്ഞു. വ്യാപാരികൾക്ക് യാതൊരു പരിഗണനയും സർക്കാർ നൽകുന്നില്ലെന്നും മുനീർ പറഞ്ഞു.