Wed. Jan 22nd, 2025
തിരുവനന്തപുരം:

മീൻവിൽപന നടത്തുന്ന സ്ത്രീകൾക്കു സൗജന്യയാത്രയ്ക്കായി കെഎസ്ആർടിസിയും ഫിഷറീസ് വകുപ്പും ചേർന്നു പുറത്തിറക്കുന്ന ബസുകൾ അടുത്ത മാസമാദ്യം ഓടിത്തുടങ്ങും. ‘സമുദ്ര’ എന്നു പേരിട്ട മൂന്നു ബസുകളുടെ രൂപകൽപന പൂർത്തിയായി. മീൻവിൽപനക്കാരായ സ്ത്രീകളുടെ ചിത്രമാണു ബസിൽ പതിപ്പിച്ചിരിക്കുന്നത്. പശ്ചാത്തലത്തിൽ കടലും വള്ളവുമെല്ലാമുണ്ട് ബസിന്റെ റൂട്ടും സമയക്രമവും ഉടൻ തീരുമാനിക്കും.

വിഴിഞ്ഞം, പൂന്തുറ, വലിയതുറ എന്നിവിടങ്ങളിൽനിന്നു നഗരത്തിലെ വിവിധ മീൻവിൽപനകേന്ദ്രങ്ങളിലേക്കു രാവിലെ ബസ് സർവീസുണ്ടാകും. വിൽപന പൂ‍ർത്തിയാകുന്ന മുറയ്ക്ക്, ഉച്ചയ്ക്കും രാത്രിയിലും സർവീസ് നടത്തും. രാവിലെ 6നു തുടങ്ങുന്ന സർവീസ് രാത്രി 10നു മീൻവിൽപനക്കാരെ വീടുകളിൽ എത്തിച്ചശേഷമാകും അവസാനിക്കുക.

മൂന്നു ലോഫ്ലോർ ബസുകളാണു രൂപമാറ്റം വരുത്തിയത്. 24 സീറ്റുള്ള ബസിന്റെ പിൻഭാഗമാണു മീൻപാത്രം വയ്ക്കാൻ സജ്ജീകരിച്ചിരിക്കുന്നത്. പരസഹായമില്ലാതെ പാത്രം ബസിനകത്തു കയറ്റാവുന്ന തരത്തിലാണ് ഉയരം. വാതിലിന് ഇതിനു തക്ക വീതിയുമുണ്ട്.

ടിക്കറ്റ് ആവശ്യമില്ലാത്തതിനാൽ ബസിൽ കണ്ടക്ടറുണ്ടാകില്ല. ഒരു ബസിനു വർഷം 24 ലക്ഷം രൂപ വീതം ഫിഷറീസ് വകുപ്പു നൽകും. ബസിന്റെ അറ്റകുറ്റപ്പണി, ഡ്രൈവറുടെ ശമ്പളം എന്നിവയെല്ലാം കെഎസ്ആർടിസി വഹിക്കും. ഇന്ത്യയിൽ ആദ്യമായാണു മീൻ വിൽപനക്കാരായ സ്ത്രീകൾക്ക് ഇത്തരത്തിൽ സൗജന്യയാത്ര ഒരുക്കുന്നതെന്നു മന്ത്രി ആന്റണി രാജു പറഞ്ഞു.

തിരുവനന്തപുരം ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയശേഷം ആവശ്യമുള്ള മറ്റു ജില്ലകളിലും ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മൽസ്യ വിൽപ്പനക്കായി വലിയവേളിയിൽ നിന്നു നഗരങ്ങളിലെത്തി തുച്ഛമായ വരുമാനവുമായി മടങ്ങുന്ന ബ്രിജിത് എന്ന സ്ത്രീയുടെ ദുരിത കഥ പറയുന്ന വാർത്ത ശ്രദ്ധിച്ചതായി മന്ത്രി പറ‍ഞ്ഞു. ഇപ്പോൾ ഒട്ടോകൂലിയായി 500 രൂപ വരെ നൽകുന്ന മൽസ്യ തൊഴിലാളി സ്ത്രീകൾക്ക് ഇത് വലിയ ആശ്വാസമാകും.

മീൻപാത്രവുമായി സ്വകാര്യ ബസിൽ കയറ്റാൻ ബസ് ജീവനക്കാർ വിമുഖത കാണിക്കുന്നതുമൂലമുള്ള ബുദ്ധിമുട്ടും മീൻവിൽപനക്കാരായ സ്ത്രീകൾക്കുണ്ട്. മീൻ വിറ്റാൽ കിട്ടുന്ന പണത്തിന്റെ നല്ലൊരു പങ്ക് ഓട്ടോക്കൂലിയിനത്തിലാണു ചെലവാകുന്നത്. ഷെയർ ഓട്ടോ വിളിക്കുന്നവരുണ്ടെങ്കിലും ഒരാളുടെ വിൽപന കഴിഞ്ഞാലും മറ്റേയാൾക്കുവേണ്ടി കാത്തുനിൽക്കേണ്ടി വരുന്നു. ഈ പ്രശ്നങ്ങളെല്ലാം ‘സമുദ്ര’ സർവീസ് തുടങ്ങുന്നതോടെ അവസാനിക്കും.

By Divya