Sat. Apr 20th, 2024
പാളയം:

അലക്കുതൊഴിലാളികളുടെ വെണ്മയേറും നന്മയിൽ കണ്ണപ്പനും ബേബിക്കും സ്വന്തമായി അടച്ചുറപ്പുള്ള വീട്‌. ഇനി മഴകൊള്ളാതെ, ഇഴജന്തുക്കളെയും തെരുവ്‌ പട്ടികളെയും ഭയക്കാതെയുള്ള പുതുജീവിതത്തിലേക്ക്‌. നന്ദൻകോട് സ്വദേശികളായ സഹോദരങ്ങളുടെ വീടെന്ന ജീവിതാഭിലാഷം സഫലമാക്കിയത്‌ അലക്ക്‌ തൊഴിലാളി യൂണിയനാണ്‌.

പരമ്പരാഗത അലക്ക് തൊഴിലാളികളാണിരുവരും. ബാലചന്ദ്രന്‌ വയസ്സ്‌ 67. കണ്ണപ്പനെന്ന്‌ എല്ലാവരും സ്‌നേഹത്തോടെ വിളിക്കുന്ന സന്തോഷ് കുമാറിന്‌ 49. നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവർ. നാല്‌ വർഷംമുമ്പ് ഇവർ താമസിച്ചിരുന്ന വീട് ഇടിഞ്ഞു വീണു.

ഇതോടെ റോഡിലും കടകളുടെ തിണ്ണയിലുമായി ജീവിതം. ഒരു വർഷമായി നന്ദൻകോട് കുളത്തിന് സമീപം ടാർപോളിൻ കൂരയിലായിരുന്നു താമസം. ഇരുവർക്കുമായുള്ളത്‌ ഒരു കട്ടിൽ. ബേബിക്ക് ശാരീരികാവശതകൾ ഏറിയതോടെ കണ്ണപ്പനായിരുന്നു താങ്ങും തണലും.

സഹോദരങ്ങളുടെ കഷ്ടപ്പാട്‌ മനസ്സിലാക്കി തിരുവനന്തപുരം ജില്ലാ അലക്ക് തൊഴിലാളി യൂണിയൻ മുന്നോട്ടുവരികയായിരുന്നു. യൂണിയൻ അംഗങ്ങളിൽ നിന്നും നാട്ടുകാരിൽനിന്നും ചെറുതും വലുതുമായ തുക സ്വരൂപിച്ചു. പ്രാദേശിക സിപിഐ എം നേതൃത്വം സഹായവും പിന്തുണയുമായി എത്തിയപ്പോൾ 25 ദിവസത്തെ പരിശ്രമത്തിൽ അടച്ചുറപ്പുള്ള വീടുയർന്നു.

താക്കോൽ ഏറ്റുവാങ്ങിയപ്പോൾ ബേബിയുടെ മിഴികൾ നിറഞ്ഞു. ഉള്ളിലെ ആഹ്ലാദം നന്ദിവാക്കുകളായി. ‘‘ഒരിക്കലും മറക്കില്ല ഈ സഹായം–-ബേബി പറഞ്ഞു. തൊട്ട് പിന്നാലെ ഐഎഎസ് അക്കാദമിയിലെ വിദ്യാർഥികൾ കിടക്കാൻ കട്ടിലുമായി എത്തിയതോടെ സന്തോഷമേറി.

വീടിന്റെ താക്കോൽദാനം സിപിഐ എം പാളയം ഏരിയ സെക്രട്ടറി സി പ്രസന്നകുമാർ നിർവഹിച്ചു. അലക്ക് തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി നന്ദൻകോട് ബാബു, പ്രസിഡന്റ് കെ സി കൃഷ്ണൻകുട്ടി, ജോയിന്റ് സെക്രട്ടറി സഹദേവൻ, ട്രഷറർ ഊരൂട്ടമ്പലം ചന്ദ്രൻ, വഴിയോര കച്ചവടത്തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് ആർ ഇഖ്ബാൽ, വാർഡ് കൗൺസിലർ കെ എസ്‌ റീന, സിപിഐ എം പാളയം ഏരിയ കമ്മിറ്റിയംഗം ജഗതി മോഹനൻ, ലോക്കൽ സെക്രട്ടറി എ സുനിൽകുമാർ എന്നിവർ സംസാരിച്ചു.

By Divya