തൃശൂർ:
പൂമാലയണിഞ്ഞ് വരനും വധുവും. കൊട്ടും കുരവയുമായി പരിവാരങ്ങൾ. മൊത്തത്തിലൊരു കല്യാണാന്തരീക്ഷം കണ്ടാണ് വടക്കേ സ്റ്റാൻഡിനു സമീപം യാത്രക്കാരൊക്കെ വണ്ടിനിർത്തിയത്. പക്ഷേ, വരന്റെ വേഷത്തിലൊരു പന്തികേട്. മുകളിൽ കോട്ടും താഴെ ലുങ്കിയും! കല്യാണവണ്ടിയിൽ നിന്നിറങ്ങിയ സംഘത്തിൽ ചിലരുടെ കയ്യിൽ റീത്തും പ്ലക്കാർഡുകളും.
കല്യാണപ്പാർട്ടി റോഡിൽ നിരന്നു മുദ്രാവാക്യം വിളിച്ചു തുടങ്ങിയപ്പോഴാണു കാഴ്ചക്കാർക്കു കാര്യം മനസ്സിലായത്. പ്രതീകാത്മക കല്യാണത്തിലൂടെ ഇവന്റ് മാനേജ്മെന്റ് അസോസിയേഷൻ ഓഫ് തൃശൂർ (ഇമാറ്റ്) നടത്തിയ പ്രതിഷേധ പരിപാടിയായിരുന്നു അത്. കൊവിഡ് മാനദണ്ഡങ്ങളിൽ സർക്കാർ വിവേചനം പുലർത്തുന്നതായി ആരോപിച്ചായിരുന്നു വേറിട്ട രീതിയിൽ പ്രതിഷേധം.
ഓടുന്ന ബസിൽ വിവാഹച്ചടങ്ങ് പ്രതീകാത്മകമായി നടത്തിയതു വടക്കേ സ്റ്റാൻഡിൽ. നാദസ്വരം, തകിൽ എന്നിവ താലികെട്ടിന് അകമ്പടിയായി. അലങ്കരിച്ചൊരുക്കിയ സൈക്കിൾ റിക്ഷയും കല്യാണവണ്ടിയെ അനുഗമിച്ചു.
വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 100 ആയി വർധിപ്പിക്കുക, വൈദ്യുതി കുടിശിക തവണകളായി അടയ്ക്കാൻ അനുവദിക്കുക, ജിഎസ്ടി വകുപ്പിന്റെ പീഡനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ പ്രതിഷേധക്കാർ ഉന്നയിച്ചു. ഇമാറ്റ് പ്രസിഡന്റ് പിഎസ് ജെനീഷ്, വൈസ് പ്രസിഡന്റ് ഉല്ലാസ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു കല്യാണത്തിനു ശേഷം വിലാപയാത്രയായി ശക്തൻ സ്റ്റാൻഡിലാണു പ്രതിഷേധം അവസാനിച്ചത്.