Mon. Dec 23rd, 2024

വാൽപാറ:

പുലികളുടെ താവളമായി മാറിക്കൊണ്ടിരിക്കുന്ന വാൽപാറ ടൗണിൽ കഴിഞ്ഞ ദിവസം ഇറങ്ങിയത് മൂന്നു പുലികൾ. പ്രാഥമികാരോഗ്യ കേന്ദ്രത്തിനു തൊട്ടടുത്തുള്ള വാൽപാറ വ്യാപാരി അസോസിയേഷൻ നേതാവ് കൃഷ്ണാസ് സുധീറിന്റെ കുമാരൻ ഡിപ്പാർട്മെന്റ് സ്റ്റോറിലെ നിരീക്ഷണ ക്യാമറയിലാണ് മൂന്നു പുള്ളിപ്പുലികളുടെ ദൃശ്യം പതിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി കട അടച്ചു പോയതിനു തൊട്ടുപിന്നാലെയാണ് തൊട്ടടുത്ത ഹയർ സെക്കൻഡറി സ്‌കൂളിന്റെ പരിസരത്തു നിന്ന് ഒന്നിനു പിറകെ ഓരോന്നായി പുലികൾ ഇതുവഴി കടന്നുപോയത്.

നൂറുകണക്കിനു പേർ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തു നിത്യേന പുലികൾ ഇറങ്ങുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. എന്നാൽ, ഇതൊന്നും വനം വകുപ്പു ശ്രദ്ധിക്കുന്നില്ലെന്നാണ് ആരോപണം. കഴിഞ്ഞ ആഴ്ച കക്കൻ കോളനിയിൽ ഒരു പശുക്കിടാവിനെ പുലി കൊന്നിരുന്നു.

ചവറാൻകാടു തേയിലത്തോട്ടത്തിൽ നിന്നു വന്ന പുലി ഒരു മണിക്കൂറോളം ഒരു മരത്തിൽ കയറിയിരുന്നു. വിവരം അറിഞ്ഞു വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി അന്വേഷണം നടത്തിയതല്ലാതെ നടപടികൾ ഒന്നും ഇല്ല എന്നാണ് നാട്ടുകാരുടെ പരാതി. മേഖലയിലെ പുലികളെ പിടികൂടാൻ കൂടു സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.

By Rathi N