Sat. Apr 20th, 2024
കഴക്കൂട്ടം:

നഗരസഭാ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട കൈക്കൂലി നൽകാനില്ലാത്തതിനാൽ വ്യവസായ സംരഭമെന്ന സ്വപ്നം ഉപേക്ഷിച്ചയാളാണ് കഴക്കൂട്ടം സ്വദേശി ജെനൻസെൻ. ബേക്കറി യൂണിറ്റിനായി വാങ്ങിയ വലിയ ഓവൻ വീട്ടുമുറ്റത്തിരുന്ന് തുരുമ്പെടുക്കെടുമ്പോൾ ജീവിക്കാൻ ഒരു സൂപ്പർമാർക്കറ്റിലെ ജോലിക്കാരനായിരിക്കുകയാണ് ഇയാൾ. വ്യവസായ സംരഭകരുടെ പ്രശ്നങ്ങൾ സംസ്ഥാനത്ത് ചർച്ചയാകുമ്പോഴാണ് ജെനൻസൺ തൻറെ ദുരിതകഥ പറയുന്നത്.

പോത്തൻകോട്ടെ ഈ സൂപ്പർമാർക്കറ്റിലെ സെയിൽമാനായ ജെനൻസണ് ഉണ്ടായിരുന്നത് വലിയ സ്വപ്നങ്ങളായിരുന്നു. ആ സ്വപ്നത്തിന് എന്ത് പറ്റിയെന്ന് അറിയാൻ ജെനൻസൺ താമസിക്കുന്ന വാടകവീട്ടിലേക്ക് പോകണം. ചെറിയ ജോലികൾ ചെയ്തുണ്ടാക്കിയ സമ്പാദ്യമുപയോഗിച്ച് ഒരു ബേക്കറി യൂണിറ്റ് തുടങ്ങാനായിരുന്നു ജെനൻസണന്‍റെ ആഗ്രഹം. ബിസ്ക്കറ്റും കേക്കും നിർമ്മിക്കാൻ മൂന്നരലക്ഷം മുടക്കി ഈ വലിയ ഓവൻ വാങ്ങിയത് രണ്ട് വർഷം മുമ്പായിരുന്നു.

കുളത്തൂരിൽ ഒരു വീട് വാടകയ്ക്ക് എടുത്തു. പ്രശ്നങ്ങൾ തുടങ്ങുന്നത് അവിടെയാണ്. വ്യവസായസംരംഭത്തിനായി വീടിന്റെ ടീസി മാറ്റണം. അതിനായി കോർപ്പറേഷന്റെ കുളത്തൂരിലെ ഓഫീസിലെത്തി.

ഓഫീസിലെ സർവ്വെയർ സുജിത്കുമാർ പച്ചക്ക് ആവശ്യപ്പെട്ടത് ഓഫീസിലെ എല്ലാവർക്കും വേണ്ടിയുള്ള കൈക്കൂലിയാണെന്ന് ഈ യുവാവ് വ്യക്തമാക്കുന്നു.

കൈക്കൂലി നൽകാതെ വ്യവസായവകുപ്പിന്റെ ഏകജാലകസംവിധാനം വഴി ലൈസൻസ് എടുത്ത് ബിസ്ക്കറ്റ് നിർമ്മാണം തുടങ്ങിയപ്പോള്‍ നഗരസഭയിലെ ഹെൽത്ത് ഇൻസ്പെകട‍ർമാരുടെ വക വീണ്ടും തടസ്സം. അങ്ങനെ സംരംഭമെന്ന പരിപാടി അവസാനിപ്പിച്ചു. അവിടെയും പ്രശ്നം തീർന്നില്ല കുളത്തൂരിലെ വീട്ടിൽ നിന്നും ഓവൻ വണ്ടിയിൽ കയറ്റാൻ കയറ്റിറക്ക് തൊഴിലാളികൾ ചോദിച്ചത് 12,000 രൂപയാണ്.

മടുപ്പുമൂലമാണ് ജെനൻസൻ ഇതുവരെ ആർക്കും പരാതി കൊടുക്കാതിരുന്നത്. ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെടുന്ന വീഡിയോയും ഇതുവരെ പുറത്തുകാണിച്ചിരുന്നില്ല. കോടിക്കണക്കിന രൂപയുടെ വ്യവസായസംരഭങ്ങളെ കുറിച്ചുള്ള ചർച്ച നടക്കുമ്പോഴാണ് ജെനൻസനെപോലുള്ള സാധാരണ സംരഭകരുടെ സ്വപ്നം ഉദ്യോഗസ്ഥരുടെ ആർത്തിയിൽ തകരുന്നതും ആരും അറിയാതെയും പോകുന്നതും.

By Divya