Mon. Dec 23rd, 2024
കോട്ടയം:

സംസ്ഥാന സർക്കാരിന്റെ കാര്യക്ഷമതയിൽ സ്ഥലമെടുപ്പ്‌ നടപടികൾ വേഗം കൈവരിച്ചതോടെ റെയിൽവേയുടെ ഇരട്ടപ്പാത നിർമാണം ലക്ഷ്യത്തിലേക്ക്‌. ചെങ്ങന്നൂർ–-മുളന്തുരുത്തി പാതയിൽ അവശേഷിക്കുന്ന ചിങ്ങവനം–- കോട്ടയം (ഏഴ്‌ കി.മീ), കോട്ടയം–-ഏറ്റുമാനൂർ (10 കി.മീ) റീച്ചിലാണ്‌ സ്ഥലമെടുപ്പ്‌ തടസമില്ലാതെ നീങ്ങിയത്‌.

കോട്ടയം വഴിയുള്ള റെയിൽപാതയിൽ രണ്ടുവരി അവശേഷിക്കുന്നതും ചിങ്ങവനം–-ഏറ്റുമാനൂർ റീച്ചിൽ മാത്രമാണ്‌. ഒട്ടേറെ സാങ്കേതിക പ്രശ്‌നങ്ങളിൽ മുടങ്ങിയ സ്ഥലമെടുപ്പ്‌ പൂർത്തീകരിക്കാൻ മുൻ എൽഡിഎഫ്‌ സർക്കാർ കാര്യക്ഷമമായി ഇടപെട്ടിരുന്നു. മുഖ്യമന്ത്രിയും നേരിട്ട്‌ ഇടപെട്ട്‌ തടസങ്ങൾ പരിഹരിച്ചു.

റെയിൽവേ വീണ്ടും അധികമായി ആവശ്യപ്പെട്ട ഭൂമി ഏറ്റെടുക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. അതിരമ്പുഴ, പെരുമ്പായിക്കാട്‌, മുട്ടമ്പലം, നാട്ടകം, കോതനല്ലൂർ, മാഞ്ഞൂർ, കാണക്കാരി, കടുത്തുരുത്തി, കുറിച്ചി വില്ലേജുകളിലായി ഏകദേശം ഒരു ഹെക്ടർ ഭൂമിയാണ്‌ ആവശ്യം. റവന്യൂവകുപ്പിനു കീഴിലുള്ള ലാൻഡ്‌ അക്വിസിഷൻ(എൽഎ) വിഭാഗമാണ്‌ ഭൂമി ഏറ്റെടുത്ത്‌ റെയിൽവേക്ക്‌ കൈമാറുന്നത്‌.

ഇതിനായി എൽഎ ഡെപ്യൂട്ടി കലക്ടറുടെ ചുമതലയിൽ കോട്ടയത്ത്‌ ഓഫീസും പ്രവർത്തിക്കുന്നു. എൽഎ വിഭാഗത്തിന്റെ പരിശോധന, വിജ്ഞാപനം, സാമൂഹ്യപ്രത്യാഘാത പഠനം , വിദഗ്‌ധസമിതി പരിശോധനാ റിപ്പോർട്ട്‌ തുടങ്ങിയ നടപടി ക്രമങ്ങളിലൂടെയാണ്‌ ഭൂമി ഏറ്റെടുക്കൽ. ഉടമയ്‌ക്ക്‌ നഷ്ടപരിഹാരം നൽകുന്ന നടപടിയും പൂർത്തിയാക്കിയാണ്‌ ഭൂമി റെയിൽവേക്ക്‌ കൈമാറുന്നത്‌.

അതിരമ്പുഴ, മുട്ടമ്പലം, പെരുമ്പായിക്കാട്‌ വില്ലേജുകളിൽ 2019ൽ തന്നെ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കിയിരുന്നു.

By Divya