Sat. Jan 18th, 2025
കോട്ടയം:

കോവിഡ്‌ സ്ഥിരീകരണ നിരക്ക്‌ കുറഞ്ഞ സ്ഥലങ്ങളിൽ വിനോദ സഞ്ചാര മേഖല തുറക്കാൻ തീരുമാനിച്ചെങ്കിലും ജില്ലയിലെ പ്രധാന ടൂറിസം സങ്കേതമായ കുമരകം ഉണരില്ല. അതേസമയം, നിയന്ത്രണങ്ങളിൽ അയവുള്ള വാഗമണ്ണിൽ താമസസൗകര്യങ്ങൾ തുറന്നു. കുമരകത്ത്‌ ടിപിആർ കൂടിയത്‌ വിനയായി.

15.01 ആണ്‌ നിലവിൽ കുമരകത്തെ രോഗവ്യാപന തോത്‌. ടിപിആർ അഞ്ചിൽ താഴെയുള്ള എ വിഭാഗത്തിലും അഞ്ച്‌ മുതൽ 10 വരെയുള്ള ബി വിഭാഗത്തിലുമുള്ള പ്രദേശങ്ങളിലാണ്‌ ടൂറിസത്തിന്‌ അനുമതി. വാക്സിൻ എടുത്തവർക്കും ആർടിപിസിആർ നെ​ഗറ്റീവ് സർടിഫിക്കറ്റുള്ളവർക്കും പ്രവേശിക്കാം.

കുമരകത്ത്‌ നിലവിൽ 103 രോഗികളുണ്ട്‌. റിസോർട്ടുകളും ഹൗസ്‌ബോട്ടുകളുമാണ്‌ കുമരകത്തിന്റെ ആകർഷണം. ഇവ ഏറെ നാളായി പ്രവർത്തിക്കുന്നില്ല. മേയിൽ പ്രഖ്യാപിച്ച ലോക്‌ഡൗണിനുമുമ്പ്‌ ഇവ പ്രവർത്തിച്ചുതുടങ്ങിയിരുന്നു. റിസോർട്ടുകളിലും ഹൗസ്‌ബോട്ടുകളിലും ബുക്കിങ്‌ പുനഃരാരംഭിച്ച്‌ വീണ്ടും സജീവമായപ്പോഴാണ്‌ കോവിഡിന്റെ രണ്ടാംവരവ്‌.

സ്ഥാപനങ്ങൾ അടച്ചിട്ടതുമൂലമുള്ള വരുമാനനഷ്ടവും സാമ്പത്തികബാധ്യതയും ടൂറിസം സംരംഭകരെ തളർത്തിയിട്ടുണ്ട്‌. ടൂറിസം പുനരാരംഭിക്കണമെങ്കിൽ റിസോർട്ടുകളുടെ അറ്റകുറ്റപ്പണിക്ക്‌ തന്നെ ലക്ഷങ്ങൾ വേണം. ഹൗസ്‌ബോട്ടുകളുടെ മേൽക്കൂരയും കിടക്കകളും ഉപയോഗശൂന്യമായി.

ടൂറിസം സംരംഭകർക്കായി സർക്കാർ ചില ആശ്വാസ നടപടികൾ കൈക്കൊണ്ടിരുന്നു. എന്നാൽ, ടൂറിസത്തിലേക്കുള്ള തിരിച്ചുവരവ്‌ വൈകുന്നത്‌ ആശങ്ക ഉയർത്തുന്നു. വാഗമണ്ണിൽ ഹോംസ്‌റ്റേകൾ ബുധനാഴ്‌ച പ്രവർത്തനം തുടങ്ങി.

മഴയും മഞ്ഞും ആസ്വദിക്കാൻ കഴിയുന്ന കാലാവസ്ഥയാണിവിടെ. പൈൻ ഫോറസ്‌റ്റും മൊട്ടക്കുന്നും തുറക്കുന്നതിൽ തീരുമാനമായിട്ടില്ല. ബുധനാഴ്‌ചത്തെ ടിപിആർ കൂടി പരിശോധിച്ചായിരിക്കും തീരുമാനം.

By Divya