Sat. Apr 20th, 2024
കോട്ടയം:

ചെറിയ അപകടം വൻ ദുരന്തമാകാതെ കാത്തത് രണ്ടു ഫോൺ കോളുകൾ. പുതുപ്പള്ളി കന്നുകുഴിയിൽ കെഎസ്ആർടിസി ബസ് ട്രാൻസ്ഫോമറിൽ ഇടിച്ചുണ്ടായ അപകടത്തിന്റെ വ്യാപ്തി കുറച്ചതിനു നന്ദി പറയേണ്ടത് ഈ കോളുകൾ ചെയ്ത രണ്ടു പേരോടാണ്. കെഎസ്ഇബിയിൽ ഓവർസീയറായ എസ് മായയാണ് ഒരാൾ.

അപകടവിവരം ഉടൻ തന്നെ കെഎസ്ഇബി ഓഫിസിലേക്കു വിളിച്ചറിയിച്ച അജ്ഞാത വ്യക്തിയാണ് രണ്ടാമത്തെയാൾ. ചൊവ്വാഴ്ചയാണ് സംഭവം. നിയന്ത്രണം വിട്ട ബസ് ട്രാൻസ്ഫോമറിലും മരത്തിലും ഇടിച്ചു. ട്രാൻസ്ഫോമർ മറിയുകയും പോസ്റ്റുകൾ ഒടിയുകയും ചെയ്തതോടെ വൈദ്യുതി സ്വയം വിഛേദിച്ചു.

കെഎസ്ഇബി പുതുപ്പള്ളി ഓഫിസിൽ ഫ്രണ്ട് ഓഫിസ് ഡ്യൂട്ടിയിലായിരുന്നു മായ. അപകട വിവരം ഓഫിസിൽ ആരോ അറിയിച്ചു. ഫോൺ കിട്ടിയ ഉടനെ കഞ്ഞിക്കുഴി സബ് സ്റ്റേഷനിൽ വിളിച്ച് മായ അപകടവിവരം പറഞ്ഞു.

ഈ രണ്ടു ഫോൺകോളുകളും യഥാസമയം സംഭവിച്ചതാണ് നിർണായകമായത്. അപകടം നടന്നാൽ സ്വയം വിഛേദിക്കുന്നതാണ് 11 കെവി ലൈനിന്റെ പ്രത്യേകത. പക്ഷേ, അപകടം സംബന്ധിച്ച സന്ദേശം ലഭിച്ചില്ലെങ്കിൽ 3 മിനിറ്റു കഴിഞ്ഞാൽ സ്വയം വീണ്ടും കണക്‌ഷൻ ലഭിക്കും.

ഇടിച്ച ബസിൽ നിന്ന് യാത്രക്കാർ ഇറങ്ങുന്ന സമയത്ത് ലൈനിൽ വൈദ്യുതി വീണ്ടും പ്രവഹിച്ചു തുടങ്ങുമായിരുന്നെന്ന് അസിസ്റ്റന്റ് എൻജിനീയർ അനീഷ് ജി നാഥ് പറഞ്ഞു. ബസിൽ 18 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

‘കൃത്യസമയത്ത് ഓഫിസിലേക്ക് ഫോൺ ചെയ്തയാളോടാണ് നന്ദി. അദ്ദേഹത്തെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല’– മായ പറഞ്ഞു.

സുഷുമ്ന നാഡിയിലുണ്ടായ ആരോഗ്യപ്രശ്നം മൂലം വീൽചെയറിന്റെ സഹായത്തോടെയാണ് എസ് മായ കഴിയുന്നത്. 6 വർഷം മുൻപ് നടുവിന് ഉണ്ടായ വേദനയെത്തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് സുഷുമ്ന നാഡിയിൽ പ്രശ്നം കണ്ടെത്തിയത്. ശസ്ത്രക്രിയ നടത്തിയാൽ കിടപ്പുരോഗിയാകുമെന്നതിനാൽ ഒഴിവാക്കി.

ജോലിക്ക് എത്തുന്നതും പോകുന്നതും എല്ലാം വീൽചെയറിലാണ്. ഭർത്താവ് പി എൻ വിജയകുമാർ ആണ് മായയെ എല്ലാ ദിവസവും വീൽചെയറിൽ ഇരുത്തി ഓഫിസിൽ എത്തിക്കുകയും തിരികെ കൊണ്ടുപോകുകയും ചെയ്യുന്നത്.

By Divya