Sat. Apr 20th, 2024

കോഴിക്കോട്:

തേഞ്ഞിപ്പലത്ത് നിർബന്ധിത മതംമാറ്റം നടന്നെന്ന പരാതി തള്ളി ഹൈക്കോടതിയും. തേഞ്ഞിപ്പലത്ത് യുവതിയുടെ മതംമാറ്റത്തിന് എതിരായ ഹർജി ഹൈക്കോടതി തള്ളി. സ്വന്തം ഇഷ്ടപ്രകാരമാണ് മതംമാറ്റമെന്ന് വിലയിരുത്തിയ ഹൈക്കോടതി യുവതി തീവ്രവാദ സംഘങ്ങളുടെ കസ്റ്റഡിയിൽ ആണെന്ന രീതിയിൽ മാധ്യമവാർത്തകൾ വന്നതിൽ ആശങ്കയും പങ്കുവച്ചു.

തേഞ്ഞിപ്പലം സ്വദേശിയായ യുവതിയുടെ മാറ്റത്തിന് എതിരെ യുവതിക്കൊപ്പം ജീവിച്ചിരുന്ന സഹോദരീ ഭർത്താവ് ഗിൽബർട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. യുവതിയെയും മകനെയും പണം വാഗ്ദാനം ചെയ്തത് മതം മാറ്റിയെന്നും തീവ്രവാദ റിക്രൂട്ടിങ്ങ് സാധ്യതയുണ്ടെന്നുമായിരുന്നു പരാതി. യുവതിയുമായും മകനുമായും ഹൈക്കോടതി ജഡ്ജിമാർ നേരിട്ട് സംസാരിക്കുകയും പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്ത ശേഷമാണ് മതം മാറ്റത്തിനു പിന്നിൽ പ്രലോഭനമോ നിർബന്ധമോ ഉണ്ടായിട്ടില്ലെന്ന് കോടതി വിലയിരുത്തിയത്.

അവർ താമസിക്കുന്ന കോഴിക്കോട്ടെ മതപഠന കേന്ദ്രത്തിൽ തുടരാനും ഹൈക്കോടതി അനുമതി നൽകി. പരാതിക്കാരൻ യുവതിയുടെ നിയമപരമായി വിവാഹം കഴിക്കാത്തത് കണ്ടെത്തിയ കോടതി മകന് മേൽ അവകാശവാദം ഉണ്ടെങ്കിൽ കുടുംബ കോടതിയെ സമീപിക്കാനും നിർദ്ദേശിച്ചു. താൻ മതം മാറിയിട്ടില്ലെന്ന് യുവതിയുടെ മകന്‍ കോടതിയെ അറിയിച്ചു.

മതംമാറ്റം സംബന്ധിച്ച വാർത്തകൾ വന്നത് മകൻറെ പഠനത്തെ ഉൾപ്പെടെ ബാധിക്കുന്നതായി യുവതി കോടതിയിൽ പരാതിപ്പെട്ടു. ഹൈക്കോടതി ഹർജിയിൽ വാദം തുടങ്ങുന്നതിനു മുമ്പ് തന്നെ യുവതി തീവ്രവാദ സംഘടനകളുടെ പിടിയിലാണെന്ന് രീതിയിൽ മാധ്യമവാർത്തകൾ വന്നതിലെ ആശങ്ക ഹൈക്കോടതി തന്നെ പങ്കുവച്ചു. ഇത് സംബന്ധിച്ച് യുവതി പരാതി നൽകുകയാണെങ്കിൽ നിയമപ്രകാരം നടപടി എടുക്കാൻ പോലീസിനും കോടതി നിർദ്ദേശം നൽകി. നേരത്തെ പരപ്പനങ്ങാടി കോടതിയും ഗിൽബർട്ടിൻ്റെ ഹർജി തള്ളിയിരുന്നു.