Thu. Apr 25th, 2024

കൊടുങ്ങല്ലൂർ:

ശ്രീനാരായണപുരം പി വെമ്പല്ലൂർ ആറ്റുപുറം കടപ്പുറത്ത് ഫിഷിങ് ഗ്യാപിലൂടെ കടൽ കരയിലേക്കു കയറുന്നു. ആറ്റുപുറം അറപ്പത്തോട്ടിലേക്കും സമീപത്തെ കരയിലും കടൽ വെള്ളം നിറഞ്ഞു. കടൽത്തീരത്തെ തെങ്ങ് കടപുഴകി വീണു.

ഇറിഗേഷൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഫിഷിങ് ഗ്യാപ് വർധിപ്പിച്ചതാണു പ്രശ്നത്തിനു കാരണമെന്നു നാട്ടുകാരിൽ ചിലർ ചൂണ്ടിക്കാട്ടി. ഇവർ നൽകിയ പരാതിയെ തുടർന്നാണ് ഉദ്യോഗസ്ഥ സംഘം അന്വേഷണം നടത്തിയത്.

ഫിഷിങ് ഗ്യാപിൽ ജെസിബി ഉപയോഗിച്ചു മണലും കരിങ്കല്ലും മാറ്റി വീതി കൂട്ടിയതാണ് കാരണമെന്നു ഒരു വിഭാഗം ചൂണ്ടിക്കാട്ടി. പഞ്ചായത്തിന്റെയോ വില്ലേജിന്റെയോ അനുമതിയില്ലാതെയാണു ഏതാനും മത്സ്യത്തൊഴിലാളികൾ ഫിഷിങ് ഗ്യാപ് വീതി കൂട്ടിയതെന്നും പരാതിയിൽ പറഞ്ഞു. ഇതേസമയം, പരമ്പരാഗത മത്സ്യബന്ധന വളളം കടലിൽ ഇറങ്ങുന്ന ആറ്റുപുറം കടവിൽ ഫിഷിങ് ഗ്യാപ് കുറവാണെന്ന് മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.

വള്ളങ്ങൾ കടലിലേക്കു ഇറങ്ങുമ്പോഴും മത്സ്യബന്ധനം കഴിഞ്ഞു തിരിച്ചിറങ്ങുമ്പോഴും വള്ളങ്ങൾ കരിങ്കൽ ഭിത്തിയിൽ ഇടിച്ചുള്ള അപകട സാധ്യതയേറെയാണ് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഫിഷിങ് ഗ്യാപിലൂടെ കടലിൽ നിന്നു വെള്ളം കരയിലേക്കു കയറി നാശനഷ്ടം സംഭവിക്കുന്നതു തടയാൻ ശാസ്ത്രീയ പഠനം നടത്തി നടപടിയെടുക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അസിസ്റ്റന്റ് എൻജിനീയർ ദിവ്യ ദീപയുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥ സംഘം എത്തിയത്.

By Rathi N