Fri. Mar 29th, 2024

വടക്കഞ്ചേരി:

നാട് ആഗ്രഹിച്ചപോലെ കുതിരാൻ തുരങ്കം ആഗസ്‌തിൽ തന്നെ തുറക്കാൻ സാധിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കുതിരാൻ സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂട്ടായ പരിശ്രമമാണ് കുതിരാനിൽ നടക്കുന്നത്.

കാലാവസ്ഥ അനുകൂലമാണെങ്കിൽ അടിയന്തരമായി തീർക്കേണ്ട നിർമാണ പ്രവർത്തനങ്ങൾ ജൂലൈയിൽത്തന്നെ പൂർത്തിയാക്കാനാവും. നിലവിൽ നടന്നുവരുന്ന പ്രവൃത്തികൾ തൃപ്തികരമാണ്. 24 മണിക്കൂറും നിർമാണ ജോലികൾ നടത്താൻ അനുവാദമുണ്ട്.

കലക്ടർ കൃത്യമായ ഇടവേളകളിൽ പ്രവർത്തനങ്ങൾ വിലയിരുത്തുന്നുണ്ട്‌. ആവശ്യാനുസരണം തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ടണലിന്റെ അകത്തുനടക്കുന്ന പ്രവർത്തനങ്ങൾ, മുകൾവശത്ത് മണ്ണ് ബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾ, കൺട്രോൾ റൂം തുടങ്ങിയവ മന്ത്രിയുടെ നേതൃത്വത്തിൽ പരിശോധിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ, കലക്ടർ എസ് ഷാനവാസ്, അസി. കലക്ടർ സൂഫിയാൻ അഹമ്മദ്, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായി.

By Rathi N