Sat. Apr 27th, 2024
പുത്തൂർ:

മാവടി റോഡിൽ മൈലംകുളം ക്ഷേത്രങ്ങൾക്കു മുന്നിലെ കൊടുംവളവിൽ അപകടങ്ങൾ തുടർക്കഥയായിട്ടും പരിഹാരമില്ല. കഴിഞ്ഞ ദിവസം ബന്ധുവായ യുവാവിന് ഒപ്പം സ്കൂട്ടറിൽ പോകുകയായിരുന്ന പൂയപ്പള്ളി സ്വദേശിനിയായ വീട്ടമ്മ അപകടത്തിൽ മരിച്ചതാണ് കൂട്ടത്തിൽ ഒടുവിലത്തേത്. സ്കൂട്ടറും ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഒന്നര വർഷം മുൻപ് വെണ്ടാർ സ്വദേശിയായ യുവാവും സമാനമായ അപകടത്തിൽ മരിച്ചിരുന്നു.

ബൈക്കും ടിപ്പർ ലോറിയുമായി ഇടിച്ചായിരുന്നു അന്നത്തെ അപകടം. വേറെയും ഒട്ടേറെ അപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ടെന്നു നാട്ടുകാർ പറയുന്നു. വാഹനങ്ങൾ കൂട്ടിയിടിച്ചാണ് ഏറെയും അപകടങ്ങൾ ഉണ്ടായിട്ടുള്ളത്. മറുവശം കാണാൻ കഴിയാത്ത കൊടുംവളവാണ് അപകടങ്ങളുടെ പ്രധാന കാരണം.

വളവിന് ഒപ്പം റോഡിന് ഇറക്കവും ഉള്ളതിനാൽ മാവടി ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ വേഗത്തിൽ കടന്നുവരുന്നതും അപകട കാരണമാണ്. വളവിന് 125 മീറ്ററിലേറെ നീളമുണ്ട്. വളവിന്റെ പ്രത്യേകത കാരണം വാഹനങ്ങൾ റോഡിന്റെ മറുപാതിയിലേക്കു കയറുന്നതും കൂട്ടിയിടിക്കു കാരണമാകുന്നു.

അപകടകരമായ കൊടുംവളവായിട്ടും ഇവിടെ ഒരു മുന്നറിയിപ്പു ബോർഡ് പോലും സ്ഥാപിച്ചിട്ടില്ലെന്നു നാട്ടുകാർ പറഞ്ഞു.

By Divya