Sat. Apr 27th, 2024
ആറ്റിങ്ങൽ:

കോവിഡ് കാലത്ത് വിദ്യാര്‍ത്ഥികളുടെ വായന പ്രോത്സാഹിപ്പിക്കാൻ “പുസ്തകക്കൂട്’ പദ്ധതിയുമായി ആറ്റിങ്ങൽ ​ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. ബഷീർ ദിനത്തോടനുബന്ധിച്ച് അദ്ദേ​​ഹത്തിൻ്റെ മൂന്ന് കഥാസമാഹാരം കുട്ടികൾക്ക് വിതരണം ചെയ്തു.

പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ നഗരത്തിലെ എല്ലാ വാർഡുകളിലും പ്രധാന പൊതുസ്ഥലങ്ങളിൽ വച്ചായിരിക്കും പുസ്തക വിതരണം. ഇതിനായി സ്കൂൾ ലൈബ്രറി പുസ്തകങ്ങൾ ഉൾപ്പെടുത്തി ഓൺലൈൻ ആപ്ലിക്കേഷനും തയ്യാറാക്കി. വായിച്ച പുസ്കങ്ങൾ തിരികെ നൽകുമ്പോൾ വായനാക്കുറിപ്പും വിദ്യാര്‍ത്ഥികൾ നൽകണം.

മികച്ച കുറിപ്പിന് മാസംതോറും സമ്മാനവും നൽകും. രണ്ടാം ഘട്ടത്തിൽ സമീപ പഞ്ചായത്തുകളിൽ താമസിക്കുന്ന വിദ്യാർഥികൾക്കും സേവനം ലഭ്യമാക്കും. സ്കൂൾ ജങ്‌ഷനിൽ നടന്ന ചടങ്ങിൽ പദ്ധതി ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ അഡ്വ എസ് കുമാരി നിർവഹിച്ചു.

വാർഡ് കൗൺസിലർ ജി എസ് ബിനു, പിടിഎ പ്രസിഡന്റ് വി വിശ്വംഭരൻ, ഹെഡ്മിസ്ട്രസ് ലത എസ് നായർ, ലൈബ്രറേറിയൻ ഹേമലത, അധ്യാപകരായ അനിൽകുമാർ, സുജിത്, സുജ, സുനിൽകുമാർ, സുജിത്, സഫീന ബീവി തുടങ്ങിയവർ പങ്കെടുത്തു.

By Divya