Fri. Mar 29th, 2024
വെള്ളനാട്:

മാലിന്യങ്ങളെ ജൈവ പച്ചക്കറി കൃഷിക്കായി പ്രയോജനപ്പെടുത്തുന്ന പദ്ധതിയുമായി വെള്ളനാട് പഞ്ചായത്തിലെ ടൗൺ വാർഡ്. ഈ വേറിട്ട ആശയം വാർഡുതല ശുചിത്വ കമ്മിറ്റി നടപ്പിലാക്കുമ്പോൾ നൂറ് മേനി വിളവാണ് പ്രതീക്ഷിക്കുന്നത്. വെള്ളനാട് ജംക്‌ഷനിലെ ഓടകളിൽ നിന്ന് മണ്ണുമാന്തി ഉപയോഗിച്ച് മാലിന്യങ്ങൾ വാരി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ഉണക്കുന്നു.

ഇതിൽ നിന്ന് ആവശ്യമായ മാലിന്യങ്ങൾ മാത്രം ശേഖരിച്ച് ചകിരിയും ചാണകവും വേപ്പുംപിണ്ണാക്കും കൂടി മണ്ണുമാന്തി ഉപയോഗിച്ച് യോജിപ്പിക്കുകയും ഇവ കൃഷിക്കായി ഉപയോഗിക്കുകയും ചെയ്യുന്നതാണ് ആശയം.

മാലിന്യം തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് ചാക്കിൽ നിറയ്ക്കുന്ന ജോലികൾ ഇന്നലെ ആരംഭിച്ചു. വാർഡിലെ തരിശായ പ്രദേശത്ത് ചാക്കുകൾ എത്തിച്ച് പച്ചക്കറി തൈകൾ കൃഷി ചെയ്യും. ഓണം അടുത്തതോടെ കുറച്ച് ഇനങ്ങളെങ്കിലും വിളവെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

വാർഡിലെ ഹരിതകർമ സേന, വാർഡ്തല വികസന സമിതി, ജാഗ്രത സമിതി, സാനിറ്റേഷൻ കമ്മിറ്റി തുടങ്ങി എല്ലാവരുടെയും സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് പഞ്ചായത്തംഗം എസ് കൃഷ്ണകുമാർ പറഞ്ഞു. കൂടാതെ വെള്ളനാട് കരുണാസായിക്ക് സമീപത്തെ സ്വകാര്യ വ്യക്തിയുടെ 30 സെന്റ് സ്ഥലത്ത് പച്ചക്കറിത്തോട്ടം ഒരുക്കും. പദ്ധതി വ്യാപിപ്പിച്ച് ജൈവ പച്ചക്കറിയുടെ ലഭ്യതയിൽ വാർഡിനെ സ്വയംപര്യപ്തമാക്കുകയാണ് ലക്ഷ്യമെന്ന് കൃഷ്ണകുമാർ പറഞ്ഞു.

By Divya