Fri. Mar 29th, 2024
നെയ്യാർഡാം:

ഫിഷറീസ്‌ വകുപ്പിൻ്റെ നെയ്യാർഡാം ഹാച്ചറിയിലെ മത്സ്യക്കുഞ്ഞ് ഉൽപ്പാദനശേഷി രണ്ടു കോടിയായി ഉയർത്തും. ഇതിനായി വിശദ പദ്ധതിയും അടങ്കലും തയ്യാറാക്കാൻ മന്ത്രി സജി ചെറിയാൻ്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി. ഹാച്ചറി പ്രവർത്തനങ്ങളും മന്ത്രി വിലയിരുത്തി.

50 ലക്ഷമുള്ള ഉൽപ്പാദനശേഷി ഇപ്പോഴത്തെ വികസന പ്രവർത്തനങ്ങൾകൂടി പൂർത്തിയാക്കുന്നതോടെ ഒരു കോടിയാക്കാനാകും. ഇത്‌ ആറു മാസത്തിനകം സാധ്യമാക്കാൻ യോഗത്തിൽ ധാരണയായി. സമയബന്ധിത ‌ അവലോകനവും ഉറപ്പാക്കും.

ഇതിന്റെ തുടർച്ചയായാണ്‌ രണ്ടുകോടി കുഞ്ഞുങ്ങളുടെ ഉൽപ്പാദനത്തിലേക്ക്‌ ശേഷി ഉയർത്തുക. 1532 ടാങ്ക്‌ ഹാച്ചറിയിലുണ്ട്‌. ഇവയെല്ലാം നവീകരിച്ച്‌ ഉപയോഗപ്രദമാക്കും. ഉൽപ്പാദനം വർധിപ്പിക്കാൻ ആവശ്യമെങ്കിൽ കൂടുതൽ ടാങ്കുകൾ നിർമിക്കും.
നെയ്യാർഡാമിൽ‌ ഫിഷറീസ്‌ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 16.95 ഏക്കറിലാണ്‌ ഹാച്ചറികൾ സജ്ജമാക്കുന്നത്‌.

മൂന്നുഘട്ടമായി ഹാച്ചറി വികസനത്തിന്‌ 16 കോടിയോളം രൂപ അനുവദിച്ചിരുന്നു‌. പുതിയ പദ്ധതികൂടി വരുന്നതോടെ ഹാച്ചറിയിൽ ഏതാണ്ട്‌ 21 കോടി രൂപ‌ സർക്കാർ മുതൽമുടക്കാകും. ആധുനിക സാങ്കേതിക സംവിധാനങ്ങൾ സംയോജിപ്പിച്ചാണ്‌ ഹാച്ചറി നവീകരണം.

സി കെ ഹരീന്ദ്രൻ എംഎൽഎ, ഫിഷറീസ്‌ ഡയറക്ടർ സി എ ലത, ജോയിന്റ്‌ ഡയറക്ടർ (അക്വാ) ബി ഇഗ്‌നേഷ്യസ്‌‌ മൺട്രോ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

By Divya