Fri. Nov 22nd, 2024
തിരുവനന്തപുരം:

ജില്ലയിൽ കോവിഡ് മരണങ്ങൾ വർധിക്കുമ്പോഴും കോർപറേഷ​ൻെറ മൊബൈൽ മോർച്ചറികൾ ഇടതുസംഘടന പ്രവർത്തകരുടെ ഓഫിസ് മുറിയിൽ കിടന്ന് നശിക്കുന്നു. ലക്ഷങ്ങൾ കൊടുത്ത്​ വാങ്ങിയ മൊബൈൽ മോർച്ചറികളാണ് ഒരുവർഷത്തോളമായി തൈക്കാട് ശ്മശാനത്തിനടുത്തുള്ള ഓഫിസിൽ പി പി ഇ കിറ്റുകളുടെ അടിയിൽ അലക്ഷ്യമായി കിടക്കുന്നത്.

ഇത് സ്വകാര്യ ലോബികളെ സഹായിക്കാനാണെന്ന് ആരോപിച്ച് ബി ജെ പി കൗൺസിലർ കരമന അജിത്ത് രംഗത്തെത്തി. നിലവിൽ രണ്ട് മൊബൈൽ മോർച്ചറികളാണ് കോർപറേഷനുള്ളത്. ഇവ നേരത്തെ മുഖ്യകാര്യാലയത്തിലാണ് സൂക്ഷിച്ചിരുന്നതെങ്കിലും പിന്നീട്​ അപ്രത്യക്ഷമായി.

കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതശരീരം നിശ്ചിത സമയം വീട്ടിൽ കൊണ്ടുപോകാൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞ സാഹചര്യത്തിൽ ഇത്തരം മൊബൈൽ മോർച്ചറികൾ സാധാരണക്കാരെ സംബന്ധിച്ച് ആശ്വാസമായിരുന്നു. ഒരുദിവസത്തേക്ക് 2000 രൂപ നിരക്കിൽ വാടക ഈടാക്കിയാണ് കോർപറേഷൻ ഇവ വിട്ടുനൽകിയിരുന്നത്. എന്നാൽ കേടായതോടെ സ്വകാര്യ ലോബികളിൽനിന്ന് ദിവസത്തേക്ക് 4000-5000 നിരക്കിൽ മൊബൈൽ മോർച്ചറികൾ വാടകക്കെടുക്കേണ്ട അവസ്ഥയാണെന്ന് കരമന അജിത്ത് അരോപിച്ചു.

അതേസമയം കേടായവ ശരിയാക്കുന്നതിന് എൻജിനീയറിങ് വിഭാഗത്തിന് കത്ത് നൽകിയിട്ടുണ്ടെന്ന്​ ആരോഗ്യ സ്​റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ജമീല ശ്രീധരൻ പറഞ്ഞു. ഒരെണ്ണം തീർത്തും കേടായെന്നാണ് ജീവനക്കാർ നൽകുന്ന വിവരം. മറ്റൊന്ന് ശരിയാക്കിെയടുത്ത് പൊതുജനങ്ങൾക്ക് വാടകക്ക് നൽകുന്നതിന് അടിയന്തര നടപടിയെടുക്കുമെന്നും അവർ അറിയിച്ചു.

By Divya