Thu. Jan 23rd, 2025

മൂവാറ്റുപുഴ∙

നഗരത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കെഎസ്ഇബി നടപ്പാക്കുന്ന ഭൂഗർഭ കേബിൾ പദ്ധതിയുടെ ഭാഗമായുള്ള റിങ് മെയിൻ യൂണിറ്റുകൾ (ആർഎംയു) മൂവാറ്റുപുഴയിൽ എത്തി. തിരുവനന്തപുരം നഗരത്തിൽ ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി എത്തിയ റിങ് മെയിൻ യൂണിറ്റുകളാണ് ഇവിടെ നൽകിയിരിക്കുന്നത്.

ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്ന ജോലികൾ തിരുവനന്തപുരത്തു പൂർത്തിയായിട്ടില്ല. എന്നാൽ മൂവാറ്റുപുഴയിൽ കേബിളുകൾ സ്ഥാപിച്ചു കഴിഞ്ഞു.

ആർഎംയു ഇല്ലാത്തതിനാൽ ഭൂഗർഭ കേബിളുകൾ വഴി വൈദ്യുതി വിതരണം ആരംഭിക്കാൻ കഴിയാത്തതിനെത്തുടർന്നു മാത്യു കുഴൽനാടൻ എംഎൽഎ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിക്കു നൽകിയ നിവേദനം നൽകിയിരുന്നു. തുടർന്നാണു തിരുവനന്തപുരത്തു നിന്ന് 6 യൂണിറ്റ് മൂവാറ്റുപുഴയ്ക്ക് അനുവദിച്ചത്.

ഭൂഗർഭ കേബിൾ വഴിയുള്ള വൈദ്യുതി വിതരണത്തിനിടെ ഏതെങ്കിലും പ്രദേശത്തു വൈദ്യുതി തകരാർ ഉണ്ടായാൽ അവിടെ മാത്രം വൈദ്യുതി വിഛേദിച്ച് അറ്റകുറ്റപ്പണികൾ നടത്തുന്നതിനു റിങ് മെയിൻ യൂണിറ്റുകൾ സ്ഥാപിക്കുന്നതിലൂടെ സാധിക്കും .

11കെവി ലൈനിൽ എവിടെയെങ്കിലും തകരാർ സംഭവിച്ചാൽ സബ്‌ സ്റ്റേഷനിൽ ലൈൻ ഓഫ് ചെയ്യുന്നതു മൂലം നഗരത്തിൽ മുഴുവൻ വൈദ്യുതി മുടങ്ങുന്നതു പതിവായിരുന്നു. ഇതു ചെറുതും വലുതുമായ കമ്പനികളുടെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. തുടർച്ചയായി വൈദ്യുതി തടസ്സം ഉണ്ടാകുന്നതിന് എതിരെ വ്യാപാരികളിൽ നിന്നു പ്രതിഷേധങ്ങൾ ഉയർന്നപ്പോഴാണു കഴിഞ്ഞ സർക്കാർ യുജി കേബിൾ പദ്ധതി മൂവാറ്റുപുഴയിൽ നടപ്പാക്കിയത്.

2 വർഷം മുൻപ് ആരംഭിച്ച പദ്ധതി അവസാനഘട്ടത്തിലാണ്.മാറാടി സബ്‌ സ്റ്റേഷനിൽ നിന്നു എംസി റോഡ് വഴി പിഒ ജംക്‌ഷനിലേക്കും മാറാടി ആരക്കുഴ മൂഴി വഴി പിഒ ജംക്‌ഷനിലേക്കും ഭൂഗർഭ കേബിൾ വഴി വൈദ്യുതി വിതരണം സുഗമമാക്കുന്നതിനുള്ള പദ്ധതിയാണു നടപ്പാക്കുന്നത്.

By Rathi N