Mon. Dec 23rd, 2024
വൈക്കം:

വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിനെ തുടർന്ന് ദുരിതത്തിലായ കർഷകർക്ക് പ്രതീക്ഷയേകി മന്ത്രിയുടെ ഇടപെടൽ. വെച്ചൂർ പുത്തൻകായലിലെ 150 ഏക്കറിൽ കൃഷി ചെയ്യുന്ന 49 ഓളം കർഷകർക്കാണ് മന്ത്രി വി എൻ വാസവന്റെ സന്ദർശനത്തിലൂടെയും ഇടപെടലിലൂടെയും ആശ്വാസമെത്തിയത്. പുത്തൻകായൽ കൃഷിഭൂമിയിലെ ബ്ലോക്ക്‌ അഞ്ചിലെ ഹൈപവർ മോട്ടോറിലേക്കുള്ള വൈദ്യുതി ബന്ധം കെഎസ്ഇബി അധികൃതർ 2021 ഏപ്രിൽ വിച്ഛേദിച്ചു.

മുമ്പ്‌ നെല്ല്‌ മാത്രമായിരുന്നെങ്കിലും കഴിഞ്ഞ 40 വർഷമായി ഇവിടെ തെങ്ങ്, ജാതി, കൊക്കോ, വാഴ, പച്ചക്കറികൾ കൃഷി ചെയ്തുവരുന്നു. മഴക്കാലത്ത് പ്രദേശത്ത് നിറയുന്ന വെള്ളം ആറ് മോട്ടോറുകൾ ഉപയോഗിച്ചാണ് പുറത്തേക്ക് അടിച്ചിരുന്നത്‌. ആറ് മോട്ടോറുകളിൽ ഒന്നിനു മാത്രം വ്യവസായ വൈദ്യുതി നിരക്ക് ഈടാക്കിയ നടപടിയാണ് കർഷകർക്ക് വിനയായത്.

മോട്ടോർ ഇരിക്കുന്ന ഭാഗത്ത് ഒരു റിസോട്ടും എണ്ണയാട്ടുന്നതിനുള്ള ചെറിയ മില്ലും പ്രവർത്തിച്ചിരുന്നു. സർക്കാർ ഉത്തരവു പ്രകാരം ഈ സ്ഥാപനങ്ങൾക്ക് നൽകുന്ന നിരക്ക് കർഷകരും നൽകണമെന്ന നിലപാടാണ് ഉദ്യോഗസ്ഥർ സ്വീകരിച്ചത്. കേരള കർഷക സംഘത്തിന് പരാതി നൽകിയതിനെ തുടർന്നാണ് കർഷക സംഘടന നേതാക്കൾക്കൊപ്പം മന്ത്രി പുത്തൻ കായൽ സന്ദർശിച്ചത്.

By Divya