Wed. Nov 6th, 2024
പുനലൂര്‍:

തിരഞ്ഞെടുപ്പ് ഫണ്ടിനെ ചൊല്ലി കൊല്ലത്ത് മുസ്‍ലിം ലീഗില്‍ പൊട്ടിത്തെറി. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ ഭാരവാഹി യോഗത്തില്‍ പുനലൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫണ്ടിനെ ചൊല്ലിയുണ്ടായ തര്‍ക്കം കയ്യാങ്കളിയുടെ വക്കിലെത്തി. തിരഞ്ഞെടുപ്പ് ഫണ്ടില്‍ കോടികളുടെ തിരിമറി നടന്നു എന്നാണ് ഒരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നത്.

എറണാകുളം ജില്ലയിലെ കളമശ്ശേരി കഴിഞ്ഞാല്‍ തൊക്കോട്ട് ലീഗ് മത്സരിക്കുന്ന ഏക സീറ്റാണ് പുനലൂര്‍. 5 തെക്കൻ ജില്ലകളിൽ നിന്ന് വലിയ തുക തിരഞ്ഞെടുപ്പ് ഫണ്ടായി പുനലൂര്‍ മണ്ഡലത്തില്‍ എത്തിയെന്ന് നേതാക്കള്‍ പറയുന്നു. അബ്ദുൾ റഹ്മാൻ രണ്ടത്താണി മത്സരിച്ച മണ്ഡലത്തില്‍ 37,057 വോട്ടിനായിരുന്നു ലീഗിന്‍റെ പരാജയം.

മണ്ഡലത്തിന്‍റെ ചുമതല വഹിച്ച ജില്ലാ ജനറൽ സെക്രട്ടറി അഡ്വ സുൾഫിക്കർ സലാം ഫണ്ട് ഒറ്റയ്ക്ക് കൈകാര്യം ചെയ്യുകയായിരുന്നു. ലീഗ് ജില്ല പ്രസിഡന്‍റിനെ പോലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ബന്ധപ്പെടുത്തിയില്ല എന്ന വിമര്‍ശനം ആദ്യം മുതല്‍ ഉണ്ടായി. തിരഞ്ഞെടുപ്പില്‍ എത്ര ഫണ്ട് പിരിച്ചു എന്നോ, എത്ര ചെലവാക്കി എന്നോ കണക്കില്ല.

തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് കഴിഞ്ഞ ദിവസം ജില്ലാ ഭാരവാഹി യോഗം ചേര്‍ന്നത്. ഈ യോഗത്തില്‍ ജില്ലാ ഭാരവാഹികളില്‍ ഒരു വിഭാഗം തിരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ത്തി. ഫണ്ടില്‍ വന്‍ തിരിമറി നടന്നു എന്ന് നേതാക്കള്‍ ആരോപിച്ചു.

ഫണ്ടിന്‍റെ കണക്ക് വച്ച ശേഷം യോഗം ചേര്‍ന്നാല്‍ മതിയെന്ന് ജില്ല ഭാരവാഹി യോഗത്തില്‍ 21 ല്‍ 18 പേരും നിലപാട് സ്വീകരിച്ചതോടെ രൂക്ഷമായ വാക്കേറ്റത്തിനൊടുവില്‍ കയ്യാങ്കളിയുടെ വക്കിലേക്ക് യോഗം എത്തി. തുടര്‍ന്ന് യോഗം പിരിച്ചു വിടുകയായിരുന്നു.

കോടികള്‍ തെരഞ്ഞെടുപ്പു ഫണ്ടായി എത്തിയ മണ്ഡലത്തില്‍ 70 ലക്ഷം പോലും ചെലവായില്ല എന്നും ഒരു കൂട്ടം നേതാക്കള്‍ പറയുന്നു. മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞുമായി അടങ്ങുന്ന ബന്ധം പുലര്‍ത്തുന്ന നേതാവിന് തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് മണ്ഡലത്തിലേക്ക് എത്തിയ തിരഞ്ഞെടുപ്പ് ഫണ്ടിൽ കണ്ണുവെച്ചായിരുന്നു എന്ന ആരോപണമുണ്ട്. സംസ്ഥാന ഭാരവാഹകളുടെ സാന്നിധ്യത്തില്‍ മാത്രം ഇനി ജില്ലാ ഭാരവാഹി യോഗം ചേര്‍ന്നാല്‍ മതിയെന്നാണ് ഭൂരിഭാഗം ജില്ലാ നേതാക്കളുടെയും അഭിപ്രായം.

By Divya