Mon. Dec 23rd, 2024
ശാസ്താംകോട്ട (കൊല്ലം):

ബിഎഎംഎസ് വിദ്യാർഥിനി വിസ്മയ വി നായർ (മാളു –24) ഭർതൃവീട്ടിൽ മരിച്ചതു കഴുത്തിൽ കുരുക്കു മുറുകിയാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ നിഗമനം അന്വേഷണസംഘത്തെ കുഴക്കുന്നു. തൂങ്ങിമരണമാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചനയുള്ളതിനാൽ ആത്മഹത്യയോ കൊലപാതകമോ എന്നു സ്ഥിരീകരിക്കാനാവുന്നില്ല.

പോസ്റ്റ്മോർട്ടം നടത്തിയ പൊലീസ് സർജനിൽനിന്ന് അന്വേഷണ സംഘം വിശദമായ മൊഴി രേഖപ്പെടുത്തി. വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലത്തു പൊലീസ് സർജനെ കൊണ്ടുവന്നു പരിശോധന നടത്താനാണു തീരുമാനം.

ചടയമംഗലം നിലമേൽ കൈതോട് കെകെഎംപി ഹൗസിൽ ത്രിവിക്രമൻ നായരുടെയും സജിത വി നായരുടെയും മകൾ വിസ്മയയെ ഭർതൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് 21നു പുലർച്ചെയാണ്. സ്ത്രീധനപീഡനം, ഗാർഹികപീഡനം വകുപ്പുകൾ ചുമത്തി അറസ്റ്റിലായ ഭർത്താവും അസി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറുമായ പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനട ചന്ദ്രവിലാസം എസ് കിരൺകുമാർ (30) ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

കിരണിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടും ലോക്കറും കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു. 2 വർഷത്തിനിടെയുള്ള മുഴുവൻ പണമിടപാടുകളും സംബന്ധിച്ച വിവരങ്ങൾ ബാങ്കിനോടു പൊലീസ് ആവശ്യപ്പെട്ടു. മറ്റു സ്ഥലങ്ങളിലെ നിക്ഷേപങ്ങൾ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും.

കിരണിന്റെയും വിസ്മയയുടെയും 3 മൊബൈൽ ഫോണുകളിൽനിന്നു വിവരങ്ങൾ തിരിച്ചെടുക്കാൻ ഫൊറൻസിക് സയന്റിഫിക് വിദഗ്ധർ ശ്രമം തുടരുകയാണ്.

By Divya