Fri. Mar 29th, 2024
ന്യൂദല്‍ഹി:

കൊവിഡ് ചികിത്സയ്ക്ക് നല്‍കുന്ന തുകയ്ക്ക് ആദായനികുതി ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. 2019 മുതല്‍ കൊവിഡ് ചികിത്സയ്ക്ക് നല്‍കുന്ന പണത്തിനാണ് കേന്ദ്രം ഇളവ് നല്‍കുന്നത്. ധനകാര്യവകുപ്പ് സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പത്ത് ലക്ഷം രൂപയില്‍ താഴെയുള്ള തുകയ്ക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്.

തൊഴിലുടമ തന്റെ തൊഴിലാളികള്‍ക്കോ, ഒരു വ്യക്തി മറ്റൊരാള്‍ക്കോ കൊവിഡ് ചികിത്സക്കായി നല്‍കുന്ന തുകയ്ക്കാണ് ആദായനികുതി ഇളവ്. കൊവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബത്തിന് തൊഴിലുടമ നല്‍കുന്ന ധനസഹായത്തിനും ആദായനികുതി ഇളവ് ലഭിക്കും. ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് നല്‍കുന്ന ധന സഹായത്തിനും ഇളവ് ലഭിക്കും.

ജൂണ്‍ 24 വരെയുള്ള ഔദ്യോഗിക കണക്കുകള്‍ പ്രകാരം 3,00,82,778 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 6,27,057 പേരാണ് ചികിത്സയിലുള്ളത്. ഇത് വരെ 2,90,63,740 പേര്‍ രോഗമുക്തി നേടി.

സര്‍ക്കാര്‍ കണക്കനസുരിച്ച് ഇതുവരെ 3,91,981 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 2.91 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഏഴ് ദിവസത്തെ ശരാശരി ഇപ്പോള്‍ 3.04 ശതമാനമാണ്. രോഗമുക്തി നിരക്ക് 96.61 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ 30,16,26,028 ഡോസ് വാക്‌സീന്‍ നല്‍കിയതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.

By Divya