ജിദ്ദ:
50 വയസ്സോ, അതിനു മുകളിലോ പ്രായമുള്ളവർക്ക് ജൂൺ 24 വ്യാഴാഴ്ച മുതൽ രണ്ടാം ഡോസ് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകുന്നത് ആരംഭിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതോടൊപ്പം നേരത്തെ ആദ്യ ഡോസ് കുത്തിവെപ്പ് എടുക്കാത്തവർക്ക് ആദ്യ ഡോസ് നൽകുന്നത് തുടരും.
വാക്സിൻ ലഭ്യതക്ക് അനുസൃതമായി മറ്റ് പ്രായക്കാർക്കും രണ്ടാം ഡോസ് നൽകും. അടുത്ത ഏതാനും കാലയളവിനുള്ളിൽ ജനസംഖ്യയിലെ വലിയൊരു വിഭാഗത്തിനു കുത്തിവെപ്പ് നൽകാനാണ് ശ്രമിച്ചുവരുന്നത്. രാജ്യത്തെ മുതിർന്ന പൗരന്മാരിൽ 70 ശതമാനം പേർക്ക് ഇതിനകം കുത്തിവെപ്പ് നൽകാനായിട്ടുണ്ട്.
വിവിധ മേഖലകളിലെ 587 ലധികം കുത്തിവെപ്പ് കേന്ദ്രങ്ങളിലൂടെ 16.8 ദശലക്ഷം ഡോസുകൾ നൽകിയതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.