ന്യൂഡൽഹി:
കൊവിഡ് പ്രതിരോധത്തിലെ വീഴ്ചകൾ അക്കമിട്ടു നിരത്തി മോദിസർക്കാറിന് കുറ്റപത്രമായി ധവളപത്രം പുറത്തിറക്കി കോൺഗ്രസ്. ഒന്നും രണ്ടും തരംഗങ്ങൾ നേരിട്ടതിൽ വന്ന പിഴവ് സർക്കാറിന് പറഞ്ഞു കൊടുക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് ധവളപത്രം പുറത്തിറക്കി രാഹുൽ ഗാന്ധി വിശദീകരിച്ചു.
ഇനിയും തീവ്രമായ തരംഗങ്ങൾ വന്നേക്കാം. സർക്കാറിനു നേരെ വിരൽചൂണ്ടുകയല്ല, വരാനിരിക്കുന്ന മൂന്നാം തരംഗത്തിലേക്ക് തയാറെടുക്കാൻ രാജ്യത്തെ സഹായിക്കുകയാണ് ധവളപത്രത്തിന്റെ ഉദ്ദേശ്യം. മോദിസർക്കാറിന് വൻവീഴ്ചയാണ് സംഭവിച്ചത്. മഹാമാരി മൂലമുള്ള മരണങ്ങളിൽ 90 ശതമാനവും ഒഴിവാക്കാമായിരുന്നു.
ഓക്സിജൻ യഥേഷ്ടമുണ്ടെങ്കിലും അതു കിട്ടാതെ മരിച്ചത് നിരവധി പേരാണ്. പ്രധാനമന്ത്രിയുടെ കണ്ണീർ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ഉതകില്ല. ഓക്സിജൻകൊണ്ട് അത് കഴിയുമായിരുന്നു.
വൈറസ് പല വകഭേദങ്ങളായി മാറുകയാണ്. വരാനിരിക്കുന്നവയുടെ കാര്യത്തിൽ തയാറെടുപ്പു വേണം. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ നേരത്തെ രൂപപ്പെടുത്തണം. ഓക്സിജനും മരുന്നുകളും കരുതിവെക്കണം.
ആശുപത്രികൾ സജ്ജമായിരിക്കണം. രണ്ടിനേക്കാൾ മോശമായിരിക്കും മൂന്നാം തരംഗം. ഒറ്റ ദിവസം കൊണ്ട് 87 ലക്ഷം പേർക്ക് വാക്സിൻ നൽകാൻ കഴിഞ്ഞ ദിവസം സാധിച്ചു. ഒറ്റ ദിവസത്തെ സ്കോർ കൊണ്ടായില്ല.
വാക്സിൻ എല്ലാവർക്കും നൽകുന്നതുവരെ ദിനേന അതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. കൊവിഡ് പ്രതിരോധത്തിന് വാക്സിനേഷൻ മാത്രമാണ് വഴി. വിവേചനം കൂടാതെ എല്ലാ സംസ്ഥാനങ്ങളെയും പരിഗണിച്ചു മുന്നോട്ടു പോകണം.
കൊവിഡ് ഭീഷണിക്കിടയിൽ വിഭാഗീയ, വിഭജന, പുറംതള്ളൽ രാഷ്ട്രീയ അജണ്ടകൾ മാറ്റിവെച്ച് മോദിസർക്കാർ പ്രവർത്തിക്കണമെന്ന് രാജീവ് ഗൗഡയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ ഗവേഷണ വിഭാഗം തയാറാക്കിയ ധവളപത്രത്തിൽ ആവശ്യപ്പെട്ടു. കൊവിഡ് സാഹചര്യങ്ങൾ മുതലാക്കി കോൺഗ്രസും രാഹുലും രാഷ്ട്രീയം കളിക്കുന്നുവെന്നാണ് ധവളപത്രത്തോട് ബിജെപിയുടെ പ്രതികരണം. സർക്കാറിന്റെ നല്ല ശ്രമങ്ങളുടെ പാളം തെറ്റിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് പാർട്ടി വക്താവ് സംബിത് പത്ര കുറ്റപ്പെടുത്തി.