Sun. Dec 22nd, 2024
ന്യൂഡൽഹി:

ദേശീയ തലത്തില്‍ മോദി വിരുദ്ധ സഖ്യത്തിന് എന്‍സിപി തലവന്‍ ശരദ് പവാര്‍ വിളിച്ച യോഗം ഇന്ന്. 15 പ്രതിപക്ഷപ്പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം വിവിധ മേഖലകളിലെ പ്രമുഖരും പവാറിന്‍റെ ഡല്‍ഹിയിലെ വസതിയില്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കും. എന്നാല്‍ കോണ്‍ഗ്രസിനെ പ്രതിപക്ഷ ഐക്യനീക്കത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

2024 ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നിര്‍ണായക രാഷ്ട്രീയ നീക്കത്തിനാണ് ശരദ് പവാര്‍ ഒരുങ്ങുന്നത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്‍റെയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് യശ്വന്ത് സിന്‍ഹയുടെയും പിന്തുണയോടെയാണ് പ്രതിപക്ഷ ബദലിന് പവാര്‍ ശ്രമിക്കുന്നത്. എന്‍സിപി ഭാരവാഹികളുടെ യോഗം ശരദ് പവാറിന്‍റെ വസതിയില്‍ ചേരും.

പിന്നാലെ പ്രതിപക്ഷ നേതാക്കളും പ്രമുഖരും പങ്കെടുക്കുന്ന യോഗം നടക്കും. യശ്വന്ത് സിന്‍ഹ, പവന്‍ വര്‍മ, സഞ്ജയ് സിങ്, ഡി രാജ, ഫറൂഖ് അബ്ദുല്ല, ജസ്റ്റിസ് എ.പി സിങ്, ജാവേദ് അക്തര്‍, കെടിഎസ് തുള്‍സി, കരണ്‍ ഥാപ്പര്‍, അശുതോഷ്, മജീദ് മെമന്‍, വന്ദന ചവാന്‍, മുന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ എസ്‌ വൈ ഖുറേഷി, കെ സി സിങ്, സുധീന്ദ്ര കുല്‍ക്കര്‍ണി, പ്രതീഷ് നന്ദി , കോളിന്‍ ഗോണ്‍സാല്‍വസ് തുടങ്ങിയവര്‍ പങ്കെടുക്കും.

By Divya