ന്യൂഡല്‍ഹി:
രാജ്യത്ത് കൊവിഡ് പ്രതിദിന രോഗികള്‍ 50000 ത്തിൽ താഴെയെത്തി. പുതിയ 42000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 91 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇന്നലെ 53,256 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
രണ്ടാഴ്ച്ചയായി രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയാണ് . 90 ശതമാനം ജില്ലകളിലും ചികിത്സയിൽ കഴിയുന്ന കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു.
അതേസമയം രാജ്യത്ത് കേന്ദ്രീകൃത സൗജന്യ വാക്സീൻ നയം ഇന്നലെ നിലവിൽ വന്നു. 75 ശതമാനം വാക്സീനും കേന്ദ്രം സംഭരിച്ച് വിതരണം ചെയ്യും. നേരത്തെ ഇത് 50 ശതമാനമായിരുന്നു. വാക്സീൻ വിതരണത്തിലെ അസമത്വത്തിനെതിരെ സുപ്രീംകോടതി നിലപാട് കടുപ്പിച്ചതോടെയാണ് കേന്ദ്രം പുതിയ വാക്സീൻ നയം നടപ്പാക്കിയത്.
18 വയസിനു മുകളിലുള്ളവരുടെ വാക്സീന്‍റെ ചിലവ് കേന്ദ്രം വഹിക്കും. സംസ്ഥാനങ്ങളിലെ രോഗ വ്യാപന നിരക്ക്, ജനസംഖ്യ, തുടങ്ങിയ മാനദണ്ഡങ്ങൾ കണക്കിലെടുത്താകും എത്ര വാക്സീൻ നൽകണമെന്ന് കേന്ദ്രം തീരുമാനിക്കുക.