ന്യൂഡൽഹി:
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 88 ദിവസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ. 53,256 പേർക്കാണ് 24 മണിക്കൂറിനിടെ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 3.83 ശതമാനമായി തുടരുകയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
1422 മരണമാണ് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. മരണനിരക്ക് കുറയാത്തത് ആശങ്ക ഉയർത്തുന്നുണ്ട്.96.36 ശതമാനമാണ് രോഗമുക്തി നിരക്ക്. 24 മണിക്കൂറിനിടെ 78,190 പേർ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.
അതേസമയം, രാജ്യം വാക്സിനേഷന്റെ അടുത്ത ഘട്ടത്തിലേക്ക് തിങ്കളാഴ്ച കടക്കും. വാക്സിൻ നയത്തിൽ മാറ്റം വരുത്തിയതിന് ശേഷം 18 വയസിന് മുകളിലുള്ളവർക്ക് നൽകുന്ന സൗജന്യ വാക്സിനേഷൻ രാജ്യത്ത് ആരംഭിച്ചു.
കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്ന സാഹചര്യത്തിൽ മിക്ക സംസ്ഥാനങ്ങളും അൺലോക്കിലേക്ക് കടന്നിരുന്നു. നിലവിൽ പോസിറ്റിവിറ്റി നിരക്ക് കണക്കിലെടുത്ത് പ്രദേശിക നിയന്ത്രണം ഏർപ്പെടുത്തുകയാണ് സംസ്ഥാനങ്ങൾ