Sat. Nov 23rd, 2024
ബ്രസീലിയ:

കോപ്പ അമേരിക്കയിൽ അർജന്റീനയെ ഇനി കാത്തിരിക്കുന്നത് ഉറുഗ്വേയാണ്. പ്രിയ സുഹൃത്തുക്കളായ ലിയോണല്‍ മെസിയും ലൂയിസ് സുവാരസും നേർക്കുനേർ വരുന്ന പോരാട്ടമാണിത്. ആരാധകര്‍ കാത്തിരിക്കുന്ന പോരാട്ടത്തിന് മുമ്പ് മെസിക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സുവാരസ്.

ആദ്യ ജയത്തിനായി അർജന്റീന ഇറങ്ങുമ്പോള്‍ ജയിച്ച് തുടങ്ങുകയാണ് ഉറുഗ്വേയുടെ ലക്ഷ്യം. അർജന്റീന ഒരിക്കൽക്കൂടി ലിയോണല്‍ മെസിയിലേക്ക് ഉറ്റുനോക്കുമ്പോൾ ഉറുഗ്വേയുടെ പ്രതീക്ഷ ലൂയിസ് സുവാരസിലാണ്. ബാഴ്‌സലോണക്കാലം മുതൽ ഉറ്റസുഹൃത്തുക്കളാണ് മെസിയും സുവാരസും. ഇക്കഴിഞ്ഞ സീസണിൽ സുവാരസ് അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറിയെങ്കിലും ഇവരുടെ സൗഹൃദത്തിന് പോറലേറ്റിട്ടില്ല.

എന്നാൽ കളിക്കളത്തിൽ നേർക്കുനേർ വന്നാൽ ഈ സൗഹൃദം ഉണ്ടാവില്ലെന്നാണ് സുവരാസ് പറയുന്നത്. ‘മെസി ഏറ്റവും മികച്ച താരമാണ്. കളിക്കളത്തിൽ എതിരാളിയായി ഇറങ്ങാത്ത സന്ദർഭങ്ങളിൽ ഒഴികെ എന്റെ ഏറ്റവും അടുത്ത സുഹൃത്തുമാണ്. കളത്തിലിറങ്ങിയാൽ സൗഹൃദത്തിന് സ്ഥാനമില്ല, ജയം മാത്രമാണ് ലക്ഷ്യം’ എന്നും സുവാരസ് പറഞ്ഞു.

കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിൽ അർജന്റീന മെസിയുടെ ഗോളില്‍ മുന്നിലെത്തിയിട്ടും ചിലെയോട് സമനില വഴങ്ങിയിരുന്നു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. മുപ്പത്തിമൂന്നാം മിനുറ്റില്‍ ലിയോണല്‍ മെസിയിലൂടെ അര്‍ജന്റീന ലീഡെടുത്തു. എന്നാല്‍ 57-ാം മിനുറ്റില്‍ എഡ്വേര്‍ഡൊ വര്‍ഗാസ് ചിലെയെ ഒപ്പമെത്തിച്ചു. ലാതുറോ മാര്‍ട്ടിനെസും ഗോണ്‍സാലോ മോന്റീലും അവസരങ്ങള്‍ പാഴാക്കിയത് അര്‍ജന്റീനയ്‌ക്ക് വിനയായി.

By Divya