Mon. Dec 23rd, 2024
കൊടകര:

കൊടകര കുഴൽപ്പണകേസിൽ മുഖ്യമന്ത്രിയെയും പൊലീസിനെയും വെല്ലുവിളിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ബിജെപിയുടെ നെഞ്ചത്ത് കയറി കളിക്കാനാണ് ശ്രമമെങ്കിൽ പൊലീസിനെക്കാൾ കൂടുതൽ ബിജെപി പ്രവർത്തകർ കേരളത്തിലുണ്ടെന്ന് അറിയേണ്ടിവരും. കേരളത്തെ കലാപഭൂമിയാക്കാതിരുന്നാൽ നല്ലതെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്നും;
‘പിണറായി വിജയൻ രണ്ടാം വട്ടം അധികാരത്തിൽ വന്നപ്പോൾ ബിജെപിയെ ഉമ്മാക്കി കാട്ടി പേടിപ്പിക്കാമെന്ന് കരുതരുത്. ഇന്ദ്രനേയും ചന്ദ്രനേയും തടഞ്ഞ ഒരു കാലം പിണറായിക്ക് ഉണ്ടായിരുന്നിരിക്കാം, അന്ന് ഞങ്ങൾക്ക് ബാല്യവും ഇപ്പോൾ പിണറായിക്ക് വാർദ്ധക്യവുമായി എന്ന് മറക്കരുത്.

പൊലീസ് സിആർപിസി പ്രകാരമാണ് അന്വേഷണം നടത്തേണ്ടത്, എന്നാൽ ഇന്ന് സിപിസി (കമ്മൂണിസ്റ്റ് പ്രൊസീജർ കോഡ്) പ്രകാരമാണ് അന്വേഷണം നടക്കുന്നത്. പിണറായിയുടെ പോക്കറ്റ് ബേബികളാണ് പുതിയ അന്വേഷണ സംഘമെന്ന് തെളിഞ്ഞിരിക്കുന്നു. അല്ലങ്കിൽ ബിജെപിയുടെ പത്തു കോടി കുഴൽപ്പണമാണ് കൊടകരയിൽ കവർച്ച ചെയ്തതതെന്ന് ആദ്യം പറഞ്ഞ വിജയരാഘവനെയാണ് ചോദ്യം ചെയ്യേണ്ടിയിരുന്നത്.

കുഴൽപ്പണ കവർച്ചക്കേസിലെ പ്രതികളും വിജയരാഘവനും തമ്മിൽ പല ബന്ധങ്ങളുമുണ്ട്. മന്ത്രി ബിന്ദുവിന് വേണ്ടി പ്രതികളിൽ പലരും പ്രവർത്തിച്ചിട്ടുണ്ട്. ഈ പ്രതികളെ രക്ഷിക്കാനാണ് വിജയരാഘവൻ ആദ്യം പ്രസ്താവന നടത്തിയത്. അന്വേഷണം സത്യസന്ധമാണങ്കിൽ ആദ്യം വിജയരാഘവനെയാണ് ചോദ്യം ചെയ്യേണ്ടത്. അതല്ല, വിജയ രാഘവൻ വിടുവായിത്തം പറഞ്ഞതാണങ്കിൽ തുറന്ന് പറഞ്ഞ് ക്ഷമ ചോദിക്കണം അതാണ് രാഷ്ട്രീയ മര്യാദ.

പൊലീസ് മണം പിടിച്ച് അന്വേഷിക്കരുത്, മണം പിടിച്ച് അന്വേഷിക്കുന്നത് പൊലീസ് നായ്ക്കളാണ്, അന്വേഷണം നടത്തേണ്ടത് തെളിവുകളുടെ അടിസ്ഥാനത്തിലാകണം. പിണറായി വിജയന്റെ പോക്കറ്റ് ബേബികളായി മാറിയ അന്വേഷണ സംഘം മര്യാദ കാണിച്ചാൽ മര്യാദയും തിരിച്ചാണെങ്കിൽ മര്യാദകേടും ഉണ്ടാകും എന്ന് മനസ്സിലാക്കണം.

എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് കൊടകരയിലെ കുഴൽപ്പണം ബിജെപിയുടേതാണന്ന് പൊലീസ് കോടതിയിൽ പറഞ്ഞത്? ബിജെപിയുടേതാണന്ന് ആരും അവകാശപ്പെട്ടിട്ടില്ലന്ന് മാത്രല്ല പൊലീസിന്റെ കയ്യിൽ യാതൊരു തെളിവും ഇല്ല.

കേരളം സെൽ ഭരണത്തിലേക്ക് നീങ്ങുന്നുവൊ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബിജെപി അന്വേഷണത്തോട് സഹകരിക്കുന്നത് പ്രസ്ഥാനത്തിന്റെ അന്തസ്സ് കൊണ്ടാണ് അതൊരു ദൗർബ്ബല്യമായി കാണരുത്. ആദ്യം സിപിഐഎം സംസ്ഥാന സെക്രട്ടറിയെ ചോദ്യം ചെയ്യുകയോ ഫോൺ പരിശോധിക്കുകയൊ ചെയ്ത് ബാക്കി കുഴൽപ്പണം പണം എവിടെ ഉണ്ടെന്ന് കണ്ടെത്തൂ, എന്നിട്ട് ആകാം ബിജെപിയുടെ നെഞ്ചത്ത് കയറ്റം’.

By Divya