Sat. Apr 20th, 2024
ന്യൂഡൽഹി:

കൊവിഷീൽഡ് (അസ്ട്രാസെനക) വാക്സീന്റെ രണ്ടാം ഡോസ് 12–16 ആഴ്ചകൾക്കു ശേഷം എടുത്താൽ മതിയെന്ന തീരുമാനം പ്രതിരോധ കുത്തിവയ്പുകൾക്കുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതിയുടെ നിർദേശ പ്രകാരമാണെന്ന കേന്ദ്രസർക്കാർ നിലപാട് വിവാദത്തിൽ.

വർക്കിങ് ഗ്രൂപ്പ് അത്തരം നിർദേശം നൽകിയിട്ടില്ലെന്നും 8–12 ആഴ്ചകൾക്കു ശേഷം എടുത്താൽ മതിയെന്നായിരുന്നു തീരുമാനമെന്നും ചില സമിതി അംഗങ്ങൾ വെളിപ്പെടുത്തിയതിനെ തുടർന്നാണിത്. എന്നാൽ, ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതു ചെയ്തതെന്നും സമിതിയിൽ ഭിന്നാഭിപ്രായമില്ലെന്നും ചെയർമാൻ ഡോ എൻകെ അറോറ വ്യക്തമാക്കി.

രാജ്യത്ത് വാക്സീൻ ക്ഷാമം രൂക്ഷമായ സമയത്താണ് രണ്ടാം ഡോസ് 12–16 ആഴ്ചകൾക്കു ശേഷം മതിയെന്ന് കേന്ദ്ര സർക്കാർ നിശ്ചയിച്ചത്. അതുവരെ 4–6 ആഴ്ചകളായിരുന്നു സമയം. രണ്ടാം ഡോസ് കൂടുതൽ ഫലപ്രദമാകുന്നത് 12–16 ആഴ്ചകൾക്കു ശേഷമാണെന്നാണ് സർക്കാർ വ്യക്തമാക്കിയിരുന്നത്.

ഇതു പ്രകാരം കോവിൻ പോർട്ടലിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തു. എന്നാൽ വിദേശത്തു പോകേണ്ടവർക്ക് പഴയ പോലെ രണ്ടാം ഡോസ് നൽകാനും തീരുമാനിച്ചു. കഴിഞ്ഞ ദിവസമാണ് സമിതിയിൽ അംഗങ്ങളായ 3 വിദഗ്ധർ ഇത്തരമൊരു തീരുമാനത്തിന്റെ സാധുത ചോദ്യം ചെയ്തത്.

By Divya