Wed. Nov 6th, 2024
മുംബൈ:

രാജ്യത്ത്​ കൊവിഡ്​ വാക്​സിൻ പരമാവധി പേരിൽ എത്തിക്കാൻ അടിയന്തര നടപടികൾ തുടരുന്നതിനിടെ സ്വകാര്യ ആശുപത്രികളുടെ പേരിൽ മുംബൈയിൽ വൻ വാക്​സിൻ തട്ടിപ്പ്​. നഗരത്തിലെ കാണ്ഡിവലി പ്രദേശത്തെ ഹൗസിങ്​ സൊസൈറ്റിയിലാണ്​ നൂറുകണക്കിന്​ പേർക്ക്​ വ്യാജ വാക്​സിൻ നൽകി ലക്ഷങ്ങളുമായി കടന്നത്​.

മേയ്​ 30ന്​ ഹീരാനന്ദാനി എസ്​റ്റേറ്റ്​ സൊസൈറ്റിയിലാണ്​ വാക്​സിൻ ക്യാമ്പ്​ നടത്തിയിരുന്നത്​. അന്ന്​ വാക്​സിൻ നൽകിയത്​ 390 പേർക്ക്​. കോകിലബെൻ അംബാനി ആശുപത്രി പ്രതിനിധിയെന്ന പേരിൽ രാജേഷ്​ പാണ്ഡെയെന്ന പേരിൽ ഒരാൾ ബന്ധപ്പെട്ടാണ്​ വാക്​സിൻ മേള നടത്തി എല്ലാവർക്കും നൽകുന്ന കാര്യം അറിയിച്ചത്​.

സഞ്​ജയ്​ ഗുപ്​ത, മഹേന്ദ്ര സിങ്​ എന്നിവരും ഇതിൽ പങ്കാളികളായി. കോവിഷീൽഡ്​ വാക്​സിൻ ഒരു ഡോസിന്​ 1,260 രൂപ നിരക്കിലായിരുന്നു ഈടാക്കിയത്​. വാക്​സിനെടുത്തവർക്ക്​ ആഴ്ച കഴിഞ്ഞും സന്ദേശം ലഭിക്കാതെ വന്നതോടെയാണ്​ സംശയം തുടങ്ങിയത്​.

രണ്ടാഴ്ച കഴിഞ്ഞ വിവിധ ആശുപത്രികളുടെ പേരിൽ ഇവർക്ക്​ സർട്ടിഫിക്കറ്റ്​ നൽകിയെങ്കിലും ബന്ധപ്പെട്ടപ്പോൾ ആശുപത്രികൾ കൈമലർത്തി. കുത്തിവെപ്പ്​ സ്വീകരിച്ച ആർക്കും പ്രയാസങ്ങളൊന്നും അനുഭവപ്പെടാതിരുന്നതും സംശയമുണ്ടാക്കി. ആശുപത്രികൾ പിന്നീട്​ നിഷേധക്കുറിപ്പ്​ ഇറക്കിയിട്ടുണ്ട്​.

സംഭവത്തോടെ തങ്ങൾക്ക്​ ലഭിച്ച​ത്​ ഒറിജിനലോ വ്യാജനോ എന്നറിയാതെ കുഴങ്ങുകയാണ്​ വാക്​സിൻ സ്വീകരിച്ചവർ.

By Divya