Sat. Nov 23rd, 2024
തിരുവനന്തപുരം:

ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍റെ ഭീഷണി  ഇപ്പോള്‍ നടക്കുന്ന അന്വേഷണം അവസാനിപ്പിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണത്തിന് നേതൃത്വം നല്‍കുന്നവരെ കുടുക്കും  എന്നാണ് എഎന്‍ രാധാകൃഷ്ണന്റെ സന്ദേശം. അന്വേഷണത്തില്‍ താന്‍ ഇടപെട്ടെന്ന് ഇതുവരെ ആക്ഷേപം ഉണ്ടായിട്ടില്ല. സംരക്ഷണമൊന്നും ഇല്ലാത്ത കാലവും കടന്നാണ് താന്‍ വന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു.

രാധാകൃഷ്ണന്റെ കൂടെയുള്ള പലരും വളരെ കാലം മുമ്പേ എന്റെ നേരെ ഉയ‍ര്‍ത്തിയതാണെന്നും പിണറായി പറഞ്ഞു. അത് ജയിലിൽ കിടക്കലല്ല. അതിനപ്പുറമുള്ളതാണ്. അന്നെല്ലാം ഞാൻ വീട്ടിൽ കിടന്ന് ഉറങ്ങുന്നുണ്ട്.

അതിനൊരു പ്രയാസവും ഉണ്ടായിട്ടില്ല. അത് ഓ‍ര്‍ക്കുന്നത് നല്ലതാണ്. നമ്മൾ ഒരോരുത്തരും മറ്റുള്ളവരുടെ വിധിക‍ര്‍ത്താക്കളാണെന്ന് തീരുമാനിക്കരുത്. അത് ശരിയായ നിലപാടല്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു‌. മറ്റുള്ളവരുടെ കാര്യത്തിൽ എന്തുവേണമെന്നുള്ളത് ഞാനങ്ങ് തീരുമാനിക്കും.

അതങ്ങ് നടപ്പാക്കും എന്ന് കരുതുകയാണെങ്കിൽ അതൊന്നും നടപ്പിലാകില്ലെന്ന് നമ്മുടെ നാട് തെളിയിച്ചു കഴിഞ്ഞില്ലേ. എന്തെല്ലാം മോഹങ്ങളാണ് ഉണ്ടായിരുന്നത്. അത് പ്രാവ‍ര്‍ത്തികമാക്കാൻ കഴിഞ്ഞോ? എന്തുകൊണ്ടാണത്? ഞാനത് ആവ‍ര്‍ത്തിക്കുന്നില്ല. ആവ‍ര്‍ത്തിച്ചാൽ എന്റെ കാര്യം ഞാൻ തന്നെ പറയുന്നതുപോലൊരു നില വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെസുരേന്ദ്രനെതിരെ അതിക്രമം തുടര്‍ന്നാല്‍ പിണറായി അധികകാലം വീട്ടില്‍ കിടന്ന് ഉറങ്ങില്ലെന്നായിരുന്നു എഎൻ രാധാകൃഷ്ണന്റെ ഭീഷണി. പിണറായി വിജയന്റെ മക്കളെ ജയിലിലടക്കും. മകളെ കാണാന്‍ മുഖ്യമന്ത്രിക്ക് ജയിലില്‍ വരേണ്ടിവരുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ബി ജെ പി നടത്തിയ സത്യാഗ്രഹ സമരത്തിനിടെയാണ് രാധാകൃഷ്ണന്റെ ഭീഷണി.

By Divya