Mon. Dec 23rd, 2024
കൊച്ചി:

ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹക്കേസ് ചുമത്തിയ നടപടിയ്‌ക്കെതിരെ സംവിധായിക ഐഷ സുല്‍ത്താന ഹൈക്കോടതിയെ സമീപിച്ചു. കവരത്തിയിലെത്തിയാല്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുള്ളതായി ഐഷ പറഞ്ഞു.

മുന്‍കൂര്‍ ജാമ്യം തേടിയാണ് ഐഷ ഹൈക്കോടതിയെ സമീപിച്ചത്. ഐഷയുടെ ഹരജി നാളെ ഹൈക്കോടതി പരിഗണിക്കും. ചൈന മറ്റ് രാജ്യങ്ങള്‍ക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍പട്ടേലെന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് എന്നായിരുന്നു ഐഷയുടെ പരാമര്‍ശം. ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിലാണ് ഐഷ സുല്‍ത്താനക്കെതിരെ കവരത്തി പൊലീസ് കേസെടുത്തത്.

ദ്വീപ് അഡ്മിനിസ്ട്രേറ്ററായ പ്രഫുല്‍ പട്ടേലിനെതിരെ വിമര്‍ശനവുമായി ഐഷ സുല്‍ത്താന ചാനല്‍ ചര്‍ച്ചകളില്‍ എത്തിയത് ബിജെപിക്ക് വലിയ ക്ഷീണം ഉണ്ടാക്കിയിരുന്നു. കേരളവും ലക്ഷദ്വീപും തമ്മിലുള്ള ബന്ധം എങ്ങനെയെങ്കിലും ഇല്ലാതാക്കാനാണ് ദ്വീപ് അഡ്മിനിസ്‌ട്രേറ്ററായ പ്രഫുല്‍ പട്ടേല്‍ ശ്രമിക്കുന്നതെന്ന് ഐഷ സുല്‍ത്താന പറഞ്ഞിരുന്നു.

ദ്വീപിന്റെ വികസനത്തിന് തങ്ങള്‍ എതിരല്ലെന്നും ഉത്തരേന്ത്യന്‍ സംസ്‌കാരം ദ്വീപ് നിവാസികളില്‍ അടിച്ചേല്‍പ്പിക്കാനാണ് അഡ്മിനിസ്‌ട്രേറ്ററിന്റെയും സംഘത്തിന്റെയും ശ്രമമെന്നും ഐഷ പറഞ്ഞിരുന്നു.

By Divya