Fri. Mar 29th, 2024
റിയോ ഡി ജനീറോ:

കോപ്പ അമേരിക്കയിൽ ലിയോണൽ മെസ്സിയുടെ അർജന്റീന ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങും. മുൻ ചാമ്പ്യൻമാർ ആയ ചിലി ആണ് എതിരാളികൾ. ഇന്ത്യൻ സമയം രാത്രി രണ്ടരയ്ക്കാണ് കളി തുടങ്ങുക. ലിയോണൽ മെസ്സിയുടെ കൈയ്യെത്തും ദൂരെ നിന്ന് രണ്ട് തവണ കോപ്പ കിരീടം തട്ടിയെടുത്തവരാണ് ചിലി. അവസാനം വരെ പോരാടാനുള്ള തടിമിടുക്ക് തന്നെയാണ് ചെമ്പടയുടെ കരുത്ത്.

മെസ്സിക്ക് ഒരു കിരീടം എന്ന മോഹവുമായി എത്തുന്ന അർജന്റീനയ്ക്ക് ജയിച്ച് തുടങ്ങണം. പരിക്കേറ്റ പ്രതിരോധ താരം ക്രിസ്റ്റ്യൻ റോമേറോ ഒഴികെ എല്ലാവരെയും സജ്ജരെന്ന് കോച്ച് ലിയോണൽ സ്‌കൊലാണി. 4-3-3 ശൈലിയിൽ ഇറങ്ങുമ്പോൾ ഡി മരിയയ്ക്കും അഗ്യൂറോയ്ക്കും ആദ്യ ഇലവനിൽ ഇടംകിട്ടാനിടയില്ല.

മെസ്സി, മാർട്ടിനെസ് സഖ്യത്തിനൊപ്പം നികോ ഗോൺസാലസിനാവും അവസരം കിട്ടുക. ഫ്രാങ്കോ അർമാനി കൊവിഡ് മുക്തനായെങ്കിലും എമിലിയാനോ മാർട്ടിനെസ് തന്നെ ഗോൾവലയത്തിന് മുന്നിലെത്തും.

മധ്യനിരയിൽ ഡീ പോൾ, പരേഡസ്, ലോസെൽസോ സഖ്യം. കടലാസിലെ കരുത്ത് കളത്തിലും കണ്ടാൽ അർജന്റീനയ്ക്ക് കാര്യങ്ങൾ എളുപ്പമാവും. സൂപ്പർ താരം അലക്സിസ് സാഞ്ചന്റെ പരിക്ക് ചിലിക്ക് കനത്ത തിരിച്ചടിയായി. ഗ്രൂപ്പ് ഘട്ടം സാഞ്ചസിന് നഷ്ടമാവും. കൊവിഡ‍് മുക്തനായ അർത്തുറോ വിദാൽ തിരിച്ചെത്തുന്നത് ചിലിക്ക് ആശ്വാസമാകും.

കോപ്പയിൽ ഇതുവരെ ഏറ്റുമുട്ടിയ 28 കളികളിൽ 20ലും ജയം അ‍ർജന്റീനയ്ക്ക്. ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനയ്ക്കെതിരെ ഒരിക്കൽ പോലും ചിലിയ്ക്ക് ജയിക്കാനായിട്ടില്ല. 10 ദിവസം മുൻപ് ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഓരോ ഗോൾ അടിച്ച് സമനിലയിൽ പിരിയുകയായിരുന്നു.

By Divya