Mon. Dec 23rd, 2024
K sundara K Surendran

മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ പണവും ഫോണും നല്‍കിയ സംഭവത്തില്‍ ബിജെപി നേതാക്കള്‍ കെ സുന്ദരയെ കബളിപ്പിച്ചതായി സൂചന. 15,000 രൂപയുടെ ഫോണാണ് എന്ന് പറഞ്ഞ് ബിജെപിക്കാര്‍ 8000 രൂപയുടെ ഫോണാണ് സുന്ദരയ്ക്ക് നല്‍കിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

ബിജെപിക്കാര്‍ നല്‍കിയ ഫോണ്‍ കഴിഞ്ഞ ദിവസം സുന്ദരയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് മൊബൈല്‍ കടയില്‍ നടത്തിയ തെളിവെടുപ്പിലാണ് സുന്ദര കബളിപ്പിക്കപ്പെട്ടെന്ന സൂചന ലഭിച്ചത്. മാര്‍ച്ച് 22ന് ബിജെപിക്കാര്‍ 8,000 രൂപയുടെ ഫോണാണ് തന്റെ കടയില്‍ നിന്ന് വാങ്ങിയതെന്നാണ് കടയുടമ നല്‍കിയ മൊഴി. എന്നാല്‍ 15,000 രൂപയുടെ ഫോണാണെന്ന് പറഞ്ഞാണ് ബിജെപി നേതാക്കള്‍ ഇത് സുന്ദരയ്ക്ക് കൈമാറിയത്. സുന്ദരയ്ക്ക് നല്‍കാന്‍ ഫോണ്‍ വാങ്ങിയ ബിജെപി പ്രവര്‍ത്തകനെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കടയിലെ സിസി ടിവിയില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്.

അതേസമയം, ബിജെപി കെ സുന്ദരയ്ക്ക് നല്‍കിയെന്ന് പറയുന്ന പണത്തിന്റെ ഒരു ഭാഗം ക്രൈം ബ്രാഞ്ച് സംഘം കണ്ടെടുത്തു. കെ സുന്ദരയുടെ സുഹൃത്തിന്റെ അക്കൗണ്ടില്‍ നിന്നാണ് ഒരു ലക്ഷം രൂപ അന്വേഷണ സംഘം കണ്ടെടുത്തത്. ഇതോടെ സുന്ദരക്ക് പണം നല്‍കിയ ബിജെപി നേതാക്കളിലേക്കും അന്വേഷണം നീളുകയാണ്.