Fri. Nov 22nd, 2024
കാസർകോട്:

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകിയെന്ന പരാതിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെസുരേന്ദ്രനെതിരെ ബദിയടുക്ക പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. നാമനിർദേശ പത്രിക പിൻവലിക്കാൻ ബിജെപി നേതാക്കൾ കൈക്കൂലി നൽകിയെന്ന്, ബിഎസ്പി സ്ഥാനാർഥിയായി പത്രിക നൽകിയിരുന്ന കെസുന്ദര വെളിപ്പെടുത്തിയിരുന്നു.

തുടർന്ന് മഞ്ചേശ്വരത്ത് മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥി വിവി രമേശൻ കാസർകോട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഇന്നലെ നൽകിയ പരാതിയിലാണ് കേസെടുക്കാൻ കോടതി നിർദേശിച്ചത്. ബിജെപിയുടെ കൂടുതൽ പ്രാദേശിക നേതാക്കളെ പൊലീസ് പ്രതി ചേർത്തേക്കും.

നേരത്തേ വിവി രമേശൻ കലക്ടർക്കും എസ്പിക്കും പരാതി നൽകിയിരുന്നെങ്കിലും കേസ് റജിസ്റ്റർ ചെയ്തിരുന്നില്ല. തുടർന്നാണ് കോടതിയെ സമീപിച്ചത്. നിലവിൽ റജിസ്റ്റർ ചെയ്ത വകുപ്പുകൾ പ്രകാരം സുരേന്ദ്രനെ അറസ്റ്റ് ചെയ്യാൻ പൊലീസിനാകില്ല.  കോടതി അനുമതി വേണം.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പണം കൈമാറിയ കുറ്റത്തിന് ഐപിസി ചാപ്റ്റർ 9(എ)യിൽ വരുന്ന 171 ബി, ഇ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ, ശിക്ഷ എത്ര കുറവാണെങ്കിലും പിന്നീടു തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ വിലക്കുണ്ടാകും.

പത്രിക പിൻവലിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ പട്ടിക വിഭാഗ പീഡന നിരോധന നിയമത്തിലെ വകുപ്പും ചുമത്തിയേക്കാം. പട്ടിക ജാതിയിൽ ഉൾപ്പെട്ട മൊഗേര വിഭാഗക്കാരനാണ് സുന്ദര. തിരഞ്ഞെടുപ്പുകളിൽ പട്ടിക വിഭാഗക്കാർ പത്രിക നൽകുന്നതു തടയുന്നതും നൽകിയ പത്രിക പിൻവലിപ്പിക്കുന്നതും പട്ടിക വിഭാഗ പീഡന നിരോധന നിയമത്തിൽ 3(എൽ) വകുപ്പുപ്രകാരം കുറ്റമാണ്.

By Divya