മുംബൈ:
കൊവിഡ് വ്യാപകമായതിനെ തുടർന്ന് നടപ്പാക്കിയ ലോക്ഡൗണിൽ കൂടുതൽ ഇളവുകളുമായി മഹാരാഷ്ട്ര സർക്കാർ. പുതിയ ചട്ടങ്ങൾ പ്രകാരംമുംബൈയിൽ റസ്റ്റോറൻറുകൾ, ജിമ്മുകൾ, സലൂണുകൾ എന്നിവ നിശ്ചിത സമയം തുറക്കാൻ അനുമതി നൽകി.
കൊവിഡ് പോസിറ്റിവിറ്റി നിരക്കിൽ കുറവ് വന്ന സാഹചര്യത്തിലാണ് നടപടി.
സംസ്ഥാനത്തെ ജില്ലകളെ അഞ്ച് തലങ്ങളായി തരം തിരിച്ചാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.
കൊവിഡ് പോസിറ്റിവിറ്റി നിരക്കും നിശ്ചിത അളവിലുള്ള ചികിത്സാസൗകര്യവും പരിഗണിച്ചാണ് ഓരോ ജില്ലകളിലും നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരിക്കുന്നത്.
ലെവൽ 1 ലുള്ള ജില്ലകളിൽ മാളുകൾ, റസ്റ്റോറൻറുകൾ, സിനിമ തിയറ്ററുകൾ, ജിമ്മുകൾ, സലൂണുകൾ എന്നിവ തുറക്കാൻ അനുമതി നൽകി. ലെവൽ 2 ൽ പെട്ട ജില്ലകളിൽ 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി ഇവ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്.
ലെവൽ മൂന്നിലുള്ള ജില്ലകളിൽ ഷോപ്പുകൾ, റസ്റ്റോറൻറുകൾ, ജിമ്മുകൾ, സലൂണുകൾ എന്നിവ വൈകുന്നേരം 4 മണി വരെ തുറക്കാം. ലെവൽ 4 ലും 5 ലുമുള്ള ജില്ലകളിൽ നിലവിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും അതെപോലെ തുടരും.