തൃശൂർ:
കൊടകരയിൽ ദേശീയപാതയിൽ വാഹനാപകടം സൃഷ്ടിച്ച് 3.5 കോടി കവർന്ന കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യും. സുരേന്ദ്രനായിരുന്നു പാർട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നതിന്റെ ചുമതല എന്ന് 3 പേർ മൊഴി നൽകിയതിനെത്തുടർന്നാണിത്. എന്നാൽ ചോദ്യം ചെയ്യൽ ഉടനുണ്ടാകില്ലെന്നാണു സൂചന.
അന്വേഷണത്തിന്റെ അവസാനഘട്ടത്തിൽ സുരേന്ദ്രൻ അടക്കമുള്ള സംസ്ഥാന നേതാക്കളെ വിളിച്ചു വരുത്തും. നിലവിൽ സുരേന്ദ്രനു നോട്ടിസ് നൽകിയിട്ടില്ലെന്ന് അന്വേഷണത്തിനു നേതൃത്വം നൽകുന്ന അസിസ്റ്റന്റ് കമ്മിഷണർ വികെ. രാജു വ്യക്തമാക്കി.
വിവിധ മണ്ഡലങ്ങളിലേക്കു നൽകുന്ന തുകയെക്കുറിച്ചു തീരുമാനിച്ചതു സുരേന്ദ്രൻ അടക്കമുള്ള സംസ്ഥാന നേതാക്കളാണ് എന്ന മൊഴിയാണ് ഇവരെ ചോദ്യം ചെയ്യാൻ കാരണം. ഇതു പാർട്ടി ഫണ്ടുതന്നെയാണോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. മാധ്യമ, ദേശീയ തല ശ്രദ്ധ നേടിയതിനാൽ പാളിച്ചകളില്ലാതെ മുന്നോട്ടു പോകാൻ അന്വേഷണ സംഘത്തിനു നിർദേശമുണ്ട്.
കവർച്ചക്കേസും കുഴൽപണ ഇടപാടു കേസും രണ്ടായി കാണിക്കാനുള്ള സാധ്യതയമുണ്ട്. കുഴൽപണ കേസിൽ തെളിവു ശേഖരിച്ചു വിവരം എൻഫോഴ്സ്മെന്റിനു കൈമാറാനാണു സാധ്യത. കവർച്ചക്കേസിൽ ഇതുവരെ ബിജെപി ഭാരവാഹികൾ പ്രതികളല്ല.
കൊടകര സംഭവവുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ല. അതു ബിജെപിയുടെ പണവുമല്ല. പരാതിക്കാരന്റെ ഫോൺ ലിസ്റ്റിലുള്ളവരെയാണ് പൊലീസ് ചോദ്യം ചെയ്യാൻ വിളിക്കുന്നത്. ഒരു കാരണവുമില്ലാതെയാണ് ബിജെപി നേതാക്കളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
സിപിഎം നേതാക്കളെ പോലെ ബിജെപി നേതാക്കൾ നെഞ്ചുവേദന അഭിനയിക്കുകയോ കൊവിഡ് പോസിറ്റീവ് ആണെന്ന് പറയുകയോ ചെയ്യാത്തത് ഭയക്കാനൊന്നുമില്ലാത്തതുകൊണ്ടാണ് കെസുരേന്ദ്രൻ.