Mon. Dec 23rd, 2024
തിരുവനന്തപുരം:

രാജ്യത്ത് ജനാധിപത്യം അപകീര്‍ത്തിപ്പെടുന്ന അവസ്ഥയുണ്ടായതിന് ഏറ്റവും വലിയ ഉത്തരവാദി കോണ്‍ഗ്രസ് ആണെന്ന് സിപിഐഎം ചീഫ് വിപ്പ് കെ കെ ശൈലജ. സര്‍ക്കാരിന്റെ നന്ദി പ്രമേയവതരണത്തിനിടെയായിരുന്നു കോണ്‍ഗ്രസിനെതിരെയുള്ള വിമര്‍ശനം.

ബിജെപിയെ ഈ അവസ്ഥയിലേക്ക് ഉയര്‍ത്തിയത് കോണ്‍ഗ്രസ് ആണെന്നും ചാണകം പൂശിയാല്‍ കൊവിഡ് മാറുമെന്നുള്ള അന്ധവിശ്വാസങ്ങള്‍ ബിജെപിയുടേത് മാത്രമായിരുന്നില്ല. ഉത്തര്‍പ്രദേശിലും മറ്റ് ഗ്രാമീണമേഖലകളിലും കോണ്‍ഗ്രസുകാരും ഈ അന്ധവിശ്വാസത്തില്‍ വീണുപോയിട്ടുണ്ടെന്ന് ശൈലജ പറഞ്ഞു. അന്ധവിശ്വാസങ്ങളുടെ പിറകേ കോണ്‍ഗ്രസ് പോയതിന്റെ ഫലമാണ് ഇന്ത്യ ഇന്ന് അനുഭവിക്കുന്നത്.

അതേസമയം കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണമികവുകള്‍ ചൂണ്ടിക്കാട്ടിയ കെ.കെ ശൈലജ നിയമസഭാ ചരിത്രത്തില്‍ നയപ്രഖ്യാപനത്തിന് നന്ദിപ്രമേയം അവതരിപ്പിച്ച ആദ്യ വനിത കൂടിയാണ്.

തിങ്കളാഴ്ച്ച മുതല്‍ ബുധനാഴ്ച്ച വരെയാണ് നന്ദി പ്രമേയ ചര്‍ച്ച നടക്കുന്നത്. കഴിഞ്ഞ നിയമസഭയില്‍ അഞ്ച് വര്‍ഷവും മുന്‍മന്ത്രി എസ് ശര്‍മ്മയാണ് നന്ദിപ്രമേയം അവതരിപ്പിച്ചിരുന്നത്.  ബുധനാഴ്ച മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തോടെയാകും നന്ദി പ്രമേയം സഭ പാസാക്കുക.

ലക്ഷദ്വീപ് വിഷയത്തില്‍ ദ്വീപ് നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം സഭ ഐക്യകണ്ഠേനെ പാസാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. കോണ്‍ഗ്രസും മുസ്‌ലിം ലീഗും പ്രമേയത്തില്‍ ഭേദഗതി നിര്‍ദേശിച്ചു. കേന്ദ്രത്തെ പേരെടുത്തു വിമര്‍ശിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

By Divya