Fri. Nov 22nd, 2024
ന്യൂഡൽഹി:

കേന്ദ്രസർക്കാരിന്റെ വാക്‌സിൻ നയവും അവശ്യ മരുന്നുകളുടെ ക്ഷാമവും ഉൾപ്പെടെയുള്ള വിഷയങ്ങൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. രാജ്യത്തെ കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കോടതി സ്വമേധയാ എടുത്ത കേസിലും പൊതുതാത്പര്യ ഹർജികളിലുമാണ് ഇന്ന് വാദം കേൾക്കുന്നത്.

പിഎം കെയേഴ്‌സ് ഫണ്ട് ഉപയോഗിച്ച് വാക്‌സിൻ വാങ്ങാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്ന ഹർജിയും കോടതിക്ക് മുന്നിലെത്തുന്നുണ്ട്. വാക്‌സിൻ നയത്തിൽ സുപ്രിംകോടതി ഇടപെടരുതെന്ന് കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് കൊവിഡ് ബാധിതനായതിനെ തുടർന്ന് മാറ്റിവെച്ച വാദം കേൾക്കലാണ് ഇന്ന് പുനരാരംഭിക്കുന്നത്. വാക്‌സിൻ നയം പ്രഥമ ദൃഷ്ട്യാ തന്നെ പൗരന്മാരുടെ ആരോഗ്യത്തിനുള്ള മൗലികാവകാശത്തെ ഹനിക്കുന്നതാണെന്ന് സുപ്രിംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

തുല്യത, ജീവിക്കാനുള്ള അവകാശം എന്നിവയുമായി ബന്ധപ്പെട്ടതാണെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ ഒട്ടേറെ കൂടിയാലോചനകൾക്ക് ശേഷമാണ് വാക്‌സിൻ നയം രൂപീകരിച്ചതെന്നാണ് കേന്ദ്രസർക്കാർ നിലപാട്.

വാക്‌സിൻ സൗജന്യമായി നൽകുമെന്ന് സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ വാക്‌സിൻ വില ജനങ്ങളെ ബാധിക്കില്ല. വാക്‌സിനുകളുടെ ലഭ്യതക്കുറവും അതിതീവ്ര രോഗവ്യാപനവും കാരണം എല്ലാവർക്കും ഒറ്റയടിക്ക് നൽകാൻ കഴിയില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.

പി എം കെയേഴ്‌സ് ഫണ്ട് ഉപയോഗിച്ച് വാക്‌സിൻ വാങ്ങാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്ന് അഡ്വ. വിപ്ലവ് ശർമയുടെ ഹർജിയും വ്യാജവാക്‌സിനുകൾ തടയണമെന്ന അഡ്വ വിശാൽ തിവാരി സമർപ്പിച്ച ഹർജിയും കോടതി ഇന്ന് പരിഗണിക്കും.

By Divya