Wed. Jan 22nd, 2025
ന്യൂഡല്‍ഹി:

ഗംഗയില്‍ കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഒഴുകുന്നുവെന്ന വാര്‍ത്തകള്‍ ചില മാധ്യമങ്ങള്‍ സൃഷ്ടിച്ച അജണ്ടയുടെ ഭാഗമെന്ന ആരോപണവുമായി ആര്‍എസ്എസ് സഹപ്രചാര പ്രമുഖ് നരേന്ദ്ര കുമാര്‍. മുമ്പും ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകിയിരുന്നെന്നും അന്നൊന്നും ഇത്തരം വിവാദങ്ങളുണ്ടായിരുന്നില്ലെന്നും നരേന്ദ്ര കുമാര്‍ പറഞ്ഞു.

‘2015 ലും 2017ലും ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടന്നിരുന്നു. അന്നൊന്നും കൊവിഡ് ഇല്ലായിരുന്നു. ഇപ്പോള്‍ കൊവിഡുമായി കൂട്ടി യോജിപ്പിച്ച് ഗംഗയിലെ മൃതദേഹങ്ങള്‍ ഒഴുകുന്നതിനെ വാര്‍ത്തയാക്കുന്നത് മാധ്യമ അജണ്ടയാണ്,’ നരേന്ദ്ര കുമാര്‍ പറഞ്ഞു.

അതേസമയം ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസം വീണ്ടും കൊവിഡ് രോഗിയുടെ മൃതദേഹം നദിയില്‍ വലിച്ചെറിയാന്‍ ശ്രമിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ യു പിയില്‍ വ്യാപകമായി നദിയിലേക്ക് വലിച്ചെറിയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയും വന്നിരുന്നു. മെയ് 28 ലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

ഇതിന് പിന്നാലെ നദികളില്‍ മൃതദേഹങ്ങള്‍ വലിച്ചെറിയരുതെന്ന് ആവശ്യപ്പെട്ട് നിരവധി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരുന്നു. നദീതീരങ്ങളില്‍ പട്രോളിംഗ് വര്‍ദ്ധിപ്പിക്കാനും കേന്ദ്രം കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

രണ്ടുപേര്‍ ചേര്‍ന്നാണ് മൃതദേഹം നദിയിലേക്ക് തള്ളിയിടുന്നത്. ഒരാള്‍ പിപിഇ കിറ്റ് ധരിച്ചിരുന്നു. റാപ്തി നദിക്കു കുറുകെയുള്ള പാലത്തില്‍ നിന്ന് മൃതദേഹം താഴേക്ക് ഇടാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം.

മൃതദേഹം കൊവിഡ് രോഗിയുടേതാണെന്ന് ബല്‍റാംപൂരിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പിന്നീട് സ്ഥിരീകരിച്ചു, ബന്ധുക്കള്‍ അത് നദിയില്‍ എറിയാന്‍ ശ്രമിക്കുകയായിരുന്നു.

മൃതദേഹം തിരികെ ബന്ധുക്കള്‍ക്ക് കൈമാറുകയും കേസെടുക്കുകയും ചെയ്തു. ഇതിന് മുന്‍പും യു പിയില്‍ നിന്ന് മൃതദേഹങ്ങള്‍ ഗംഗാ നദിയിലേക്ക് ഒഴുക്കിവിട്ടിരുന്നു. ഇത് വലിയ വിവാദത്തിന് കാരണമാവുകയും ചെയ്തിരുന്നു.

By Divya